പാണ്ഡ്യയുടെ പിടിവാശികൾ; സഞ്ജുവിൻ്റെ ബാറ്റിംഗ് നിര മാറ്റി പരീക്ഷണം

വിൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ അവസാന 14 പന്തിൽ 2 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (14) ബാറ്റിങ് ക്രീസിലും അർധ സെഞ്ചറിക്ക് ഒരു റൺ അകലെ തിലക് വർമ (49) നോൺ സ്‌ട്രൈക്കർ എൻഡിലും.

തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചറിയെന്ന നേട്ടം പുതുമുഖ താരം തിലകിനു നിഷേധിച്ച് അടുത്ത പന്തിൽ സിക്‌സർ പറത്തി ഹാർദിക് കളി ജയിപ്പിച്ചു.

ആ മത്സരം ഇന്ത്യ വിജയിച്ചതിനാൽ ക്യാപ്റ്റൻ ഹാർദിക്കിന്റെ നടപടിക്കെതിരെ വലിയ ആരാധക രോഷമുണ്ടായില്ല. എന്നാൽ അഞ്ചാം ട്വന്റി20 മത്സരം പരാജയപ്പെട്ട് ഇന്ത്യ പരമ്പര കൈവിട്ടതോടെ ഹാർദിക്കിന്റെ ഗ്രൗണ്ടിലെ പിടിവാശികളും പാളിയ തന്ത്രങ്ങളും ചർച്ചാ വിഷയമാവുകയാണ്. ബോളിങ് ഓപ്പൺ ചെയ്തും ബാറ്റിങ് ഓർഡർ തകിടം മറിച്ച് നേരത്തേ ബാറ്റിങ്ങിനിറങ്ങിയും തന്നിഷ്ടം നടപ്പാക്കുന്ന ക്യാപ്റ്റൻ എന്ന ദുഷ്‌പേരാണ് ഇപ്പോൾ ഹാർദിക് ചുമക്കുന്നത്.

പരമ്പരയിലെ 3 മത്സരങ്ങളിൽ ഇന്ത്യൻ ബോളിങ്ങിനു തുടക്കമിട്ടത് ഹാർദിക്കാണ്. 5 മത്സരങ്ങളിലും പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായത് 2 മത്സരങ്ങളിൽ മാത്രം. പരമ്പരയിൽ ഇന്ത്യയുടെ സ്‌പെഷലിസ്റ്റ് പേസറായ മുകേഷ് കുമാറിനെക്കാൾ 13 പന്തുകൾ ഹാർദിക് കൂടുതലെറിഞ്ഞു. 5 ട്വന്റി20കളിലും ടീമിലുണ്ടായിരുന്നെങ്കിലും ഇടംകൈ സ്പിന്നർ അക്ഷർ പട്ടേൽ 4 ഓവർ പൂർത്തിയാക്കിയത് 2 മത്സരങ്ങളിൽ മാത്രമാണ്. ഒരു മത്സരത്തിൽ അക്ഷറിന് ബോളിങ് ലഭിച്ചതുമില്ല.

മത്സരത്തിനിടയിൽ ഞാൻ തന്ത്രങ്ങൾ ഓർത്ത് കൂടുതൽ തല പുകയ്ക്കാറില്ല. ഓരോ സാഹചര്യത്തിലും എന്റെ മനസ്സു പറയുന്ന തീരുമാനം എടുക്കും. അ?ഞ്ചാം ട്വന്റി20യിൽ ബാറ്റിങ്ങിൽ താളം കണ്ടെത്താൻ എനിക്കു കഴിഞ്ഞില്ല. അതു മത്സരത്തിൽ തിരിച്ചടിയായി.

സഞ്ജു സാംസണു പിന്നിൽ ആറാമനായി ബാറ്റിങ്ങിനിറങ്ങേണ്ട ഹാർദിക് 2 മത്സരങ്ങളിൽ പവർ ഹിറ്ററായ സഞ്ജുവിനെ കാഴ്ചക്കാരനാക്കി ബാറ്റിങ്ങിൽ നേരത്തേയിറങ്ങി. എന്നിട്ടും 4 ഇന്നിങ്‌സുകളിൽ നിന്ന് നേടാനായത് 77 റൺസ് മാത്രം. രണ്ടാം ട്വന്റി20യിൽ നേടിയ 24 റൺസാണ് ഉയർന്ന സ്‌കോർ. അഞ്ചാം ട്വന്റി20 മത്സരത്തിൽ 18 പന്തിൽ 14 റൺസ് മാത്രം നേടിയ ഹാർദിക് നിർണായക സമയത്ത് സ്‌കോറുയർത്തുന്നതിൽ പരാജയപ്പെട്ടത് തിരിച്ചടിയായി.

കഴിഞ്ഞ 2 ഐപിഎൽ സീസണുകളിലും ഗുജറാത്ത് ജയന്റ്‌സിനെ ഫൈനലിലേക്കു നയിച്ച ഹാർദിക്കിന്റെ തീരുമാനങ്ങളെല്ലാം പിഴയ്ക്കുന്നതാണ് ഈ പരമ്പരയിൽ കണ്ടത്. രണ്ടാം ട്വന്റി20 മത്സരത്തിനിടെ ഇന്ത്യൻ ബോളിങ്ങിലെ16ാം ഓവറിൽ ഒരു റണ്ണൗട്ടടക്കം 3 വിക്കറ്റ് നേടിയ യുസ്വേന്ദ്ര ചെഹൽ വിൻഡീസിനെ 8ന് 129 എന്ന നിലയിൽ തകർത്തിരുന്നു. എന്നാൽ ഒരു ഓവർ കൂടി ബാക്കിയുണ്ടായിട്ടും ഹാർദിക് പിന്നീട് ചെഹലിനു പന്തു നൽകിയില്ല. ഒൻപതാം വിക്കറ്റിൽ 26 റൺസ് നേടിയ വിൻഡീസ് മത്സരം ജയിക്കുകയും ചെയ്തു. അഞ്ചാം ട്വന്റി20യിൽ അവസാന 5 ഓവറിൽ 34 റൺസായിരുന്നു വിൻഡീസിന്റെ ലക്ഷ്യം. പാർട് ടൈം ബോളർമാരായ തിലക് വർമയെയും യശസ്വി ജയ്സ്വാളിനെയും ഹാർദിക് പന്തേൽപിച്ചതോടെ പൊരുതാൻ പോലും കഴിയാതെ ഇന്ത്യ മത്സരം കൈവിട്ടു.