അടുത്ത വര്‍ഷം മോദി വീട്ടില്‍ പതാക ഉയര്‍ത്തും; ചെങ്കോട്ടയില്‍ എത്താതെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഖാര്‍ഗെയ്ക്കായി റിസര്‍വ് ചെയ്ത സീറ്റ് ഒഴിഞ്ഞു കിടന്നു. എന്നാല്‍, ഡല്‍ഹിയിലെ വസതിയിലും എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ചടങ്ങിലും അദ്ദേഹം പങ്കെടുക്കുകയും ത്രിവര്‍ണ പതാക ഉയര്‍ത്തുയും ചെയ്തു.

കണ്ണിന് സുഖമുണ്ടായിരുന്നില്ലെന്നും സമയക്കുറവ് കൊണ്ട് ചെങ്കോട്ടയിലെ പരിപാടിയില്‍ തന്റെ അസാന്നിധ്യത്തിന് കാരണമായതെന്നാണ് ഖാര്‍ഗെയുടെ വിശദീകരണം. ”ആദ്യം, എന്റെ കണ്ണുകള്‍ക്ക് ചില പ്രശ്നങ്ങളുണ്ട്. രണ്ടാമതായി, പ്രോട്ടോക്കോള്‍ അനുസരിച്ച് രാവിലെ 9.20 ന് എന്റെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തണം. പിന്നീട് കോണ്‍ഗ്രസ് ഓഫീസിലെത്തി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണം. അതിനാല്‍, എനിക്ക് ചെങ്കോട്ടയില്‍ എത്താന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ (മോദിയുടെ) സുരക്ഷ വളരെ കര്‍ശനമാണ്, അവര്‍ പ്രധാനമന്ത്രി പോകും വരെ ആരെയും പോകാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് സുരക്ഷാ വിശദാംശങ്ങളും സമയക്കുറവും കണക്കിലെടുത്ത് ചെങ്കോട്ടയില്‍ പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതി” തന്റെ അഭാവം വിശദീകരിച്ചുകൊണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു,

ചെങ്കോട്ടയില്‍ നടന്ന ആഘോഷങ്ങളില്‍ നിരവധി പ്രമുഖരും നയതന്ത്രജ്ഞരും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിന് ‘പ്രശ്‌നവും സുതാര്യതയും നിഷ്പക്ഷതയും’ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു, അഴിമതി, സ്വജനപക്ഷപാതം, പ്രീണനം എന്നിവ രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണെന്ന് മോദല പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ അടുത്ത വര്‍ഷം ചെങ്കോട്ടയില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. രാജ്യത്തെ വികസനമെല്ലാം അടുത്തകാലത്ത് ഉണ്ടായതാണെന്ന പ്രതീതി ജനിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. എന്നാല്‍ ഭരണഘടന അടക്കം ആക്രമണം നേരിടുകയാണ്. പ്രതിപക്ഷ അംഗങ്ങളെ പാര്‍ലമെന്റില്‍ അടിച്ചമര്‍ത്തുന്നു. പ്രതിഷേധിക്കുന്ന എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നു. സഭയിലെ പ്രതിപക്ഷ നേതാവായ തന്റെ മൈക്ക് വരെ ഓഫ് ചെയ്യുന്നുവെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

അടുത്ത വര്‍ഷവും ചെങ്കോട്ടയിലെത്തുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ അഹങ്കാരമാണ് കാണിക്കുന്നതെന്നും അടുത്ത വര്‍ഷം അദ്ദേഹത്തിന് വീട്ടില്‍ പതാക ഉയര്‍ത്താമെന്നും ഖാര്‍ഗെ പറഞ്ഞു. നിങ്ങളെ വിജയിപ്പിക്കുന്നതും തോല്‍പ്പിക്കുന്നതും ജനങ്ങളുടെ കൈകളിലാണ്, വോട്ടര്‍മാരുടെ കൈകളിലാണ്. 2024ലും പതാക ഉയര്‍ത്തുമെന്ന് പറഞ്ഞത് അഹങ്കാരമാണ്. അടുത്ത വര്‍ഷവും അദ്ദേഹം പതാക ഉയര്‍ത്തും, അത് പക്ഷേ അദ്ദേഹത്തിന്റെ വീട്ടിലായിരിക്കും -ഖാര്‍ഗെ പറഞ്ഞു.