മാത്യു കുഴൽനാടൻ എംഎൽഎ ബിനാമി ഇടപാടിലൂടെ ആറ് കോടിയിലധികം വിലമതിക്കുന്ന ഭുമിയും അഢംബര റിസോർട്ടും ചിന്നക്കനാലിൽ സ്വന്തമാക്കിയത് ലക്ഷക്കണക്കിന് രൂപയുടെ നികുതിവെട്ടിച്ചുകൊണ്ടാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രജിസ്റ്റർ ചെയ്ത ഭുമിക്ക് വിലയായി കാണിച്ചത് 1,92,60,000 രൂപയാണ്. എന്നാൽ പിറ്റേ ദിവസം കുഴൽ നാടൻ സമർപ്പിച്ച തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തിൽ തനിക്കുള്ള അൻപത് ശതമാനം ഷെയറിൽ മാർക്കറ്റ് വില കാണിച്ചിരിക്കുന്നത് മൂന്ന് കോടി അൻപത് ലക്ഷം രൂപയാണ്. ഈ ഒറ്റ ഇടപാടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമാണ് തട്ടിപ്പ് നടത്തിയതെന്ന് സിഎൻ മോഹൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് സമ്പാദ്യമായി കാണിച്ചത്23 കോടി രൂപയുടെ വസ്തുവകകളാണ്. എന്നാൽ അദ്ദേഹം ഇതിന്റെ വരുമാനസ്രോതസ് വെളിപ്പെടുത്തിയിട്ടില്ല. അനധികൃതസമ്പാദ്യം വെളുപ്പിക്കുന്നതിനായി സത്യവാങ്മൂലത്തിൽ ഓഫീസ് ഷെയറുകളുടെ തുക പെരുപ്പിച്ച് കാണിച്ചതാണെന്നും അനധികൃത ഇടപാടുകളെ സംബന്ധിച്ചും നികുതി വെട്ടിപ്പുകളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനും വിജിലൻസിനും പരാതി നൽകിയതായി സിഎൻ മോഹനൻ പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ദുബായ്, ഡൽഹി, ഗുവാഹത്തി, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ താൻ കൂടി പങ്കാളിയായ നിയമസ്ഥാപനത്തിൽനിന്നുള്ള വരുമാനമായി കാണിച്ചിരിക്കുന്നത് 23 കോടിയാണ്. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണെന്നും മോഹനൻ പറഞ്ഞു. ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് സിപിഎം ആവശ്യം.
മൂവാറ്റുപുഴ മണ്ഡലത്തിലുള്ളവരാണ് പരാതി നൽകിയത്. പരാതിയിൽ കഴമ്പുള്ളതുകൊണ്ടാണ് സാധ്യമായ രീതിയിൽ ഇടപെട്ട് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടതെന്നും മോഹനൻ പറഞ്ഞു.
Leave a Reply