ശ്രീപത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണ നാണയങ്ങള്‍ പുറത്തിറക്കാന്‍ പത്മനാഭസ്വാമി ക്ഷേത്രം

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശ്രീപത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണ നാണയങ്ങള്‍ പുറത്തിറക്കുന്നു. ഒരു ഗ്രാം, രണ്ട് ഗ്രാം, നാലു ഗ്രാം, എട്ടു ഗ്രാം വരുന്ന നാണയങ്ങളാണ് ഭക്തര്‍ക്ക് നല്‍കുന്നത്.

ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണം ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മിച്ചത്. അതിനാല്‍ പരിമിതമായ നാണയങ്ങള്‍ മാത്രം വില്‍പനക്കുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവയുടെ വില സ്വര്‍ണത്തിന്റെ പ്രതിദിന വിപണിവിലയെ ആശ്രയിച്ചിരിക്കും. 17ന് രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഭരണസമിതി അംഗം ആദിത്യവര്‍മ നാണയം പുറത്തിറക്കും.