എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങളുമായി പുതിയ പുസ്തകം ഈ മാസം

തിരുവനന്തപുരം: എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ ഈ മാസം 23ന് പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. 23ന് വൈകുന്നേരം നാലിന് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ദേശീയ തലത്തിൽ എൻസിഇആർടി യുടെ നേതൃത്വത്തിൽ ആറു മുതൽ 12 പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചു.കോവിഡിൻറെ പേരിൽ പഠനഭാരം കുറക്കാനെന്ന പേരിലാണ് ഈ വെട്ടിമാറ്റൽ ഉണ്ടായിട്ടുള്ളത് എങ്കിലും ഈ പുസ്തകങ്ങൾ പരിശോധിക്കുന്ന ഏതൊരാൾക്കും ഈ വെട്ടിമാറ്റൽ പഠനഭാരം കുറയ്ക്കാനല്ല എന്നും ചില നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കുവാനാണെന്നും മനസിലാകുമെന്നു മന്ത്രി ശിവൻകുട്ടി പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാനശിലകളെ തമസ്‌ക്കരിക്കാനുള്ള ശ്രമങ്ങൾ, രാജ്യത്തിൻറെ ചരിത്രത്തിൻറെ തമസ്‌ക്കരണം, രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ ഒഴിവാക്കുന്നത്, ഈ കാലഘട്ടത്തിൽ അനുയോജ്യമല്ലാത്തവ എന്ന പേരിൽ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങൾ കൂടുതലും മാനവിക വിഷയങ്ങളിലാണ് വന്നിരിക്കുന്നത്. അതിനാലാണ് കേരളം മാനവിക വിഷയങ്ങളിൽ അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.