പിക്കപ്പ് വാൻ ഇടിച്ച് കാർ യാത്രക്കാരൻ മരിച്ചു

ഓർക്കാട്ടേരി (കോഴിക്കോട്): ഓർക്കാട്ടേരി പെട്രോൾ പമ്പിന് സമീപം വെള്ളിയാഴ്ച രാത്രി കാറിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു. എടച്ചേരിതലായി മത്തത്ത് ജിയാദ് (29) ആണ് മരിച്ചത്.

രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഓർക്കാട്ടേരിയിൽ നിന്ന് എടച്ചേരിയിലേക്ക് കാറിൽ വരുമ്പോൾ അമിതവേഗത്തിൽ എതിരെ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച മാരുതി ജിംനി കാർ നിശേഷം തകർന്നു.

ഗുരുതര പരുക്കേറ്റ ജിയാദ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം ശനിയാഴ്ച ഖബറടക്കും.

പിതാവ്: മൊയ്തു. മാതാവ്: ഷാഹിദ. ഭാര്യ: സഫ്ന കുറ്റ്യാടി. മകൾ: ആയിശ. സഹോദരങ്ങൾ: റംഷാദ്, സജാദ്, ആദിൽ.