സ്ഥലംമാറ്റം കിട്ടാൻ അറ്റകൈ പ്രയോഗം; കൈക്കുഞ്ഞിനെ മന്ത്രിയുടെ കാല്‍ച്ചുവട്ടില്‍ കിടത്തി ഡ്രൈവറുടെ പ്രതിഷേധം

ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മന്ത്രിയുടെ കാല്‍ച്ചുവട്ടില്‍ കൈക്കുഞ്ഞിനെ കിടത്തി ഡ്രൈവറുടെ പ്രതിഷേധം. കോയമ്പത്തൂര്‍ ഡിപ്പോയിലെ ഗാന്ധിപുരം ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ ജീവനക്കാരനായ തേനി സ്വദേശി എസ്.കണ്ണനാണ് പൊതു പരിപാടിക്കിടെ മന്ത്രിയുടെ മുന്നില്‍ പ്രതിഷേധവുമായെത്തിയത്. സംഭവം പുറത്തുവന്നതോടെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിഷയത്തില്‍ ഇടപെടുകയും കണ്ണന് ജന്മനാടായ തേനിയിലേക്ക് സ്ഥലം മാറ്റം അനുവദിക്കുകയും ചെയ്തു.

ഭാര്യ മുനിത ഡെങ്കിപ്പനി ബാധിച്ചു മരിച്ചെന്നും ആറ് മാസം പ്രായം മാത്രമുള്ള കുഞ്ഞിനെ നോക്കാൻ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം അനുവദിക്കണമെന്നുമായിരുന്നു കണ്ണന്റെ ആവശ്യം. ഇതിനായി മന്ത്രിക്കും വകുപ്പു മേധാവിക്കും മുൻപ് പലതവണ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് കണ്ണന്‍ പൊതുപരിപാടിക്കിടെ കുഞ്ഞുമായെത്തി മന്ത്രിയുടെ കാൽച്ചുവട്ടില്‍ കിടത്തി പ്രതിഷേധിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ട് കണ്ണന് അനുകൂലമായ തീരുമാനമെടുത്തത്.