ബംഗളൂരു എഫ്‌സിയോട് 2-2 സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തേക്കുള്ള വഴിയിൽ

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ബംഗളൂരു എഫ്‌സിയോട് 2-2 സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തേക്കുള്ള വഴിയിൽ. ബ്ലാസ്റ്റേഴ്‌സും ബംഗളൂരുവും സമനിലയിൽ പിരിഞ്ഞതോടെ ഗോകുലം കേരള എഫ്‌സി ഗ്രൂപ്പ് സി ചാന്പ്യന്മാരായി ക്വാർട്ടറിലേക്ക് മുന്നേറി.

കളിച്ച രണ്ട് മത്സരത്തിലും ജയിച്ച ഗോകുലം കേരളയ്ക്ക് ആറ് പോയിൻറാണ്. രണ്ട് സമനിലയോടെ രണ്ട് പോയിൻറുമായി ബംഗളൂരുവാണ് നിലവിൽ രണ്ടാം സ്ഥാനത്ത്.

നൈജീരിയൻ സ്‌ട്രൈക്കർ ജെസ്റ്റിൻ എമ്മാനുവൽ, മുഹമ്മദ് എയ്മൻ എന്നിവർ ബ്ലാസ്റ്റേഴ്‌സിനായും എഡ്മണ്ട് ലാൽറിൻഡിക, ആശിഷ് ഛാ എന്നിവർ ബംഗളൂരുവിനായും ഗോൾ നേടി. ജെസ്റ്റിൻ എമ്മാനുവലിലൂടെ 14 ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 38-ാം മിനിറ്റിൽ എഡ്മണ്ട് ലാൽറിൻഡികയിലൂടെ ബംഗളൂരു സമനിലപിടിച്ചു.

രണ്ടാം പകുതിയിൽ ബംഗളൂരു മുന്നിൽക്കയറി. 51 ാം മിനിറ്റിൽ ആശിഷ് ഛായുടെ ഗോളിൽ ബംഗളൂരു ലീഡ് സ്വന്തമാക്കി. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ബ്ലാസ്റ്റേഴ്‌സ് മാനം രക്ഷിച്ചു. 84-ാം മിനിറ്റിൽ മുഹമ്മദ് എയ്മൻ ബ്ലാസ്റ്റേഴ്‌സിൻറെ സമനില വീണ്ടെടുത്തു. 85-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡിലൂടെ റൂയിവ ഹോർമിപാം മൈതാനം വിട്ടതോടെ ബ്ലാസ്റ്റേഴ്‌സ് 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.