‘ദീപികയെ ആദ്യം കണ്ടപ്പോൾ ഓം ശാന്തി ഓമിലെ ആരാധകനെപ്പോലെയായിരുന്നു താൻ’

നടി ദീപിക പദുക്കോണിനെ ആദ്യമായി കണ്ടതിൻറെ ഓർമകൾ പങ്കുവച്ച് നടൻ ദുൽഖർ സൽമാൻ. ദുൽഖർ സൽമാൻ രാജ്കുമാർ റാവു എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ബോളിവുഡ് സീരിസ് ആയ ‘ഗൺസ് ആൻഡ് ഗുലാബ്‌സ്’ പ്രൊമോഷൻ ഇൻറർവ്യൂവിലാണ് താരം മനസുതുറന്നത്. താൻ ദീപികയുടെ വലിയ ആരാധകനായിരുന്നുവെന്നും ദുബായിൽ വച്ച് നടിയെ ആദ്യമായി കണ്ടപ്പോൾ ‘ഓം ശാന്തി ഓം’ നായകനെപ്പോലെ ഒരുനിമിഷം തന്നിലും ഉണ്ടായെന്നും നടൻ പറഞ്ഞു.

2010ൽ ‘കാർത്തിക് കോളിങ് കാർത്തിക്’ എന്ന ചിത്രത്തിന്റെ പ്രീമിയറിനായാണ് ദീപിക ദുബായിയിൽ എത്തിയത്. അപ്പോഴാണ് ദുൽഖർ ആദ്യമായി ദീപികയെ കാണുന്നത്. ദീപികയുടെ അരങ്ങേറ്റ ചിത്രമായ ഓം ശാന്തി ഓമിൽ അവരൊരു സിനിമാ നടിയായാണ് അഭിനയിച്ചത്. സിനിമയിലെ നായകനായ ഷാരൂഖ് ഖാനാകട്ടെ ഈ നടിയുടെ കടുത്ത ആരാധകനായാണ് സിനിമയിൽ എത്തിയത്. ‘ഞാൻ വളരെ കഷ്ടപ്പെട്ട് പ്രീമിയറിനായി ടിക്കറ്റ് എടുത്ത് ചുവന്ന പരവതാനിയുടെ വശങ്ങളിൽ നിൽക്കുകയായിരുന്നു. അവിടെവച്ചാണ് അവരെ ആദ്യമായി നേരിട്ട് കണ്ടത്. ഇത് എനിക്ക് ഒരു ഓം ശാന്തി ഓം നിമിഷമായിരുന്നു’-ദുൽഖർ പറഞ്ഞു.

‘ഗൺസ് ആൻഡ് ഗുലാബ്‌സ്’ ഷോ നെറ്റ്ഫ്‌ലിക്‌സിൽ ഓഗസ്റ്റ് 18ന് സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ അർജുൻ എന്ന കഥാപാത്രമായാണ് സിനിമയിൽ ദുൽഖർ എത്തുന്നത്. കോമഡി ക്രൈം ത്രില്ലർ ടെലിവിഷൻ പരമ്പരയാണ് ഗൺസ് ആൻഡ് ഗുലാബ്‌സ്. നെറ്റ്ഫ്‌ലിക്‌സുമായി സഹകരിച്ച് ഉ2ഞ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച പരമ്പരയിൽ രാജ്കുമാർ റാവു, ദുൽഖർ സൽമാൻ, ആദർശ് ഗൗരവ്, ഗുൽഷൻ ദേവയ്യ, ടി.ജെ. ഭാനു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.