ബിജെപി മുക്ത കർണാടക! കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്തവരെ തിരിച്ചുപിടിക്കാൻ ഡി.കെ. ശിവകുമാർ; ബിജെപിയുടെ സംഘടനാ ദൗർബല്യം മുതലെടുക്കാൻ കോൺഗ്രസ്

ബംഗളൂരു: ഭരണം പിടിച്ചെങ്കിലും രാഷ്ട്രീയ നീക്കങ്ങൾ അവസാനിപ്പിക്കാതെ കർണാടകയിലെ കോൺഗ്രസ്. ബിജെപി മുക്ത കർണാടകയെന്ന സ്വപ്‌നവുമായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുന്നോട്ടുപോകുകയാണ്.

കർണാടകയിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ നേതാക്കളെ തിരിച്ചെത്തിക്കാൻ നീക്കങ്ങൾ സജീവമായിരിക്കുകയാണ്. വരുംദിവസങ്ങളിൽ ചില ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019-ൽ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി.യിലേക്ക് പോയ നേതാക്കളും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം.

പാർട്ടി പുനഃപ്രവേശം സംബന്ധിച്ച് ചില ബി.ജെ.പി എം.എൽ.എമാർ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി ചർച്ച നടത്തിയതായാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ലോക്സഭാ, ബെംഗളൂരു തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് പാർട്ടിവിട്ടുപോയ പ്രമുഖ നേതാക്കളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസിൽ നടക്കുന്നത്. അതേസമയം, പാർട്ടിവിട്ടുപോയ നേതാക്കളെ ഘട്ടംഘട്ടമായി തിരിച്ചുകൊണ്ടുവരാനാണ് പാർട്ടി നേതൃത്വം അനുമതി നൽകിയതെന്നാണ് കർണാടക കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ലോക്‌സഭാതിരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷത്തെ ഒട്ടേറെ നേതാക്കൾ കോൺഗ്രസിലെത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടുത്തിടെ പറഞ്ഞിരുന്നു. ശിവകുമാറിനെ പ്രകീർത്തിച്ച് ബി.ജെ.പി യശ്വന്തപുര എം.എൽ.എയും മുൻ സഹകരണമന്ത്രിയുമായ എസ്.ടി. സോമശേഖർ ദിവസങ്ങൾക്ക് മുമ്പ് നടത്തിയ പ്രസ്താവനയും കൂടുമാറ്റ നീക്കം സജീവമാണെന്ന അഭ്യൂഹം ശക്തിപ്പെടുത്തി. ശിവകുമാർ തന്റെ രാഷ്ട്രീയ ഗുരുവാണെന്നും സഹകരണ മേഖലയിൽ തന്റെ വളർച്ചയിൽ സഹായമേകിയത് ശിവകുമാറാണെന്നുമായിരുന്നു സോമശേഖറിന്റെ പ്രതികരണം. ശിവകുമാറിനൊപ്പം മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തിയപ്പോഴായിരുന്നു സോമശേഖർ അദ്ദേഹത്തെ പ്രകീർത്തിച്ചത്.

സോമശേഖറിന് പുറമേ ശിവറാം ഹെബ്ബർ, ബൈരതി ബസവരാജ്, കെ. ഗോപാലയ്യ തുടങ്ങിയ ബിജെപി എംഎൽഎമാർ പാർട്ടിയുമായി ചർച്ചനടത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഇതിൽ നേരത്തെ ജെഡിഎസ് നേതാവായിരുന്ന ഗോപാലയ്യ ഒഴികെ മറ്റുള്ളവരെല്ലാം കോൺഗ്രസ് എംഎൽഎമാരായിരുന്നു. മുൻ കോൺഗ്രസ് നേതാവും നിലവിൽ ബിജെപി എംഎൽഎയായ മുനിരത്നയും തിരിച്ചുവരുന്ന നേതാക്കളുടെ പ്രാഥമിക പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും തുടർചർച്ചകളിൽ അദ്ദേഹം നിലപാട് മാറ്റിയെന്നാണ് വിവരം. എംഎൽഎ സ്ഥാനം രാജിവെച്ച് വന്നാൽ എംഎൽസി സീറ്റ് നൽകാമെന്നായിരുന്നു കോൺഗ്രസ് അദ്ദേഹത്തിന് മുന്നിൽവെച്ച നിർദേശം. എന്നാൽ, എംഎൽഎയായി തുടരാൻ ആഗ്രഹിക്കുന്നതിനാൽ മുനിരത്ന വാഗ്ദാനം നിരസിക്കുകയായിരുന്നുവെന്നാണ് വിവരം.

2019-ൽ കോൺഗ്രസിൽനിന്നും ജെ.ഡി.എസിൽനിന്നുമായി 17 എം.എൽ.എ.മാരായിരുന്നു രാജിവെച്ചത്. ഇതിൽ 16 പേരും ബി.ജെ.പി.യിൽ ചേർന്നിരുന്നു. എന്നാൽ, കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി. തകർന്നടിഞ്ഞതോടെ ഇവരിൽ പലരും കോൺഗ്രസിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നതായാണ് സൂചന. നേതാക്കളെ തിരികെയെത്തിച്ചാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം ലക്ഷ്യമിടുന്ന കോൺഗ്രസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.

തിരിച്ചുവരാൻ തയ്യാറായ നേതാക്കൾ മുൻകാലങ്ങളിൽ കോൺഗ്രസിനായി പ്രവർത്തിച്ചവരാണെന്നും അവർ മടങ്ങിവരുന്നതിനെ പാർട്ടി അംഗങ്ങളാരും എതിർക്കില്ലെന്നും കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വർ പ്രതികരിച്ചു.