എട്ടാം ദിനത്തില്‍ നേരിയ ഇടിവ് ; ജയിലര്‍ പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്‍റെ ‘ജയിലര്‍’ (Jailer) ബോക്‌സ് ഓഫിസില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച് മുന്നേറുകയാണ്. നെൽസൺ ദിലീപ്‌കുമാർ (Nelson Dilipkumar) തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രം ഓഗസ്‌റ്റ് 10നാണ് തിയേറ്ററുകളില്‍ എത്തിയത്. തമിഴിന് പുറമെ ഇന്ത്യയിലെ വിവിധ ഭാഷകളിൽ ‘ജയിലര്‍’ റിലീസ് ചെയ്‌തിരുന്നു.

ഏഴ് ദിനം കൊണ്ട് ചിത്രം 375 കോടിയിലധികം രൂപ നേടിയതായി കഴിഞ്ഞ ദിവസം നിര്‍മാണ കമ്പനിയായ സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്ക് പുറമെ യുഎഇ, യുഎസ്, യുകെ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ ഇടങ്ങളിലും ചിത്രം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുകയാണ്.

ആഗോളതലത്തില്‍ 375 കോടി രൂപ നേടിയതിലൂടെ ജയിലര്‍ക്ക്, മറ്റ് തിയേറ്റര്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കഴിഞ്ഞു. റിലീസ് ചെയ്‌ത് എട്ടാം ദിനത്തില്‍ ചിത്രം ബോക്‌സ്‌ ഓഫിസില്‍ ഏകദേശം 10 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത്. ഇതോടെ 235.65 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നുള്ള എട്ട് ദിവസത്തെ ആകെ കലക്ഷന്‍.

അതേസമയം 48.35 കോടി രൂപ നേടിയാണ് ‘ജയിലര്‍’ ആദ്യ ദിനം കലക്‌ട് ചെയ്‌തത്. റിലീസിന്‍റെ രണ്ടാം ദിനത്തില്‍ ‘ജയിലര്‍’ക്ക് ചിരഞ്ജീവിയുടെ ‘ഭോല ശങ്കറു’മായി ബോക്‌സ്‌ ഓഫിസില്‍ ഏറ്റുമുട്ടേണ്ടി വന്നെങ്കിലും ‘ഭോല ശങ്കര്‍’ തിളങ്ങിയില്ല.