മണിപ്പൂരില്‍ വീണ്ടും വെടിവയ്‌പ്പ്; മൂന്ന് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി

മണിപ്പൂരിലെ വംശീയ സംഘർഷത്തിന് അയവില്ല. വെള്ളിയാഴ്ചയുണ്ടായ കനത്ത വെടിവെപ്പിന് പിന്നാലെ മൂന്ന് യുവാക്കളുടെ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഉഖ്‌റുൾ ജില്ലയിലെ കുക്കി തോവായ് ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.

കൊല്ലപ്പെട്ടവര്‍ 24 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. ലിറ്റാൻ പൊലീസ് സ്റ്റേഷന്‍ (Litan police station) പരിധിയിൽ പെടുന്ന ഗ്രാമത്തിൽ നിന്ന് അതിരാവിലെ കനത്ത വെടിയൊച്ച കേട്ടിരുന്നു. പിന്നാലെ സമീപ ഗ്രാമങ്ങളിലും വനമേഖലകളിലും പൊലീസ് നടത്തിയ സമഗ്രമായ തിരച്ചിലിനിടെയാണ് മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മെയ്‌ മൂന്ന് മുതലാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തേയ് സമുദായത്തിന്‍റെ പട്ടികവർഗ (എസ്‌ടി) പദവിക്ക് വേണ്ടിയുള്ള ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചിരുന്നു. ഈ മാര്‍ച്ചിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് സംസ്ഥാനം അശാന്തിയിലേക്ക് വീണത്.

കലാപഭൂമിയായ മണിപ്പൂരില്‍ സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ വീണ്ടും വെടിവയ്‌പ്പുണ്ടായത് വീണ്ടും ആശങ്കയ്‌ക്ക് വഴിയൊരുക്കുകയാണ്. ഈ മാസം ആദ്യ വാരത്തില്‍ മണിപ്പൂരില്‍ സമാശ്വാസമെത്തിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഒരു മേല്‍നോട്ട സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കിയിരുന്നു. ജമ്മുകശ്‌മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്‌റ്റിസായിരുന്ന ഗീത മിത്തലിന്‍റെ നേതൃത്വത്തിലുള്ള സമിതിയ്‌ക്കാണ് രാജ്യത്തെ പരമോന്നത കോടതി രൂപം നല്‍കിയത്.

ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയായിരുന്ന മലയാളിയായ ജസ്‌റ്റിസ് ആശ മേനോന്‍, മുംബൈ ഹൈക്കോടതി ജഡ്‌ജി റിട്ടയേര്‍ഡ് ജസ്‌റ്റിസ് ശാലിനി പി ജോഷി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. മണിപ്പൂരിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന തീരുമാനം. ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിന്‍റേതായിരുന്നു നടപടി.

നേരത്തെ, കുക്കി വിഭാഗത്തിലെ രണ്ട് സ്‌ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. സ്‌ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. വിഷയത്തില്‍ ശക്തമായ വിമര്‍ശനമായിരുന്നു സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

‘സംഭവം വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നു’ എന്നായിരുന്നു സുപ്രീം കോടതി വിഷയത്തില്‍ പ്രതികരിച്ചത്. ഇരു സ്‌ത്രീകളും ആക്രമണത്തിനിരയായ സംഭവം കടുത്ത ഭരണഘടന ലംഘനവും അവകാശ ധ്വംസനവുമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

പിന്നാലെ പാര്‍ലമെന്‍റിലെ വര്‍ഷകാല സമ്മേളനത്തില്‍ സഭയ്‌ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങളായിരുന്നു പ്രതിപക്ഷം നടത്തിയത്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ചോദ്യം ചെയ്‌തുകൊണ്ടായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ പ്രതിഷേധിച്ചത്.

അതേസമയം മണിപ്പൂർ കലാപത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറായിരുന്നു കേസ് സിബിഐക്ക് വിട്ടത്. സിബിഐ ജോയിന്‍റ് ഡയറക്‌ടറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം സംഘം പ്രവര്‍ത്തിക്കുന്നത്.