വീണ വിജയൻ നികുതിവെട്ടിപ്പ് നടത്തി; അല്ലെങ്കിൽ മാസപ്പടി വാങ്ങി; സിപിഎമ്മിനെ തെളിവുകൾ നിരത്തി വെല്ലുവിളിച്ച് മാത്യു കുഴല്‍ നാടൻ എംഎല്‍എ

തനിക്കെതിരെ നികുതിവെട്ടിപ്പ് ആരോപിക്കുന്ന സിപിഎമ്മിനും വീണ വിജയനെ സംരക്ഷിക്കുന്ന എം.വി. ഗോവിന്ദനുമെതിരെ വെല്ലുവിളിയും എക്‌സാലോജിക് കമ്പനിയെക്കുറിച്ച് വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ എംഎൽഎ

പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായിരുന്ന എക്‌സാലോജിക് കരിമണൽ വ്യവസായി ശശിധരൻ കർത്തയിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.

സിഎംആർഎലിൽനിന്ന് ഇതുവരെ വീണാ വിജയൻ 1.72 കോടി രൂപ കൈപ്പറ്റി. 2017, 18, 19 കാലഘട്ടത്തിൽ ഇതിൽപ്പെടാത്ത 42.48 ലക്ഷം രൂപ വാങ്ങിയതായി രേഖകളുണ്ട്. അതിന് ജിഎസ്ടിയായി 6.48 ലക്ഷം രൂപ അടച്ചതായും കാണുന്നു. ഇതിനു പുറമെ കമ്പനി ഉടമയുടെ ഭാര്യയിൽനിന്ന് 39 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്.

എന്നാൽ 1.72 കോടി രൂപയ്ക്കു നികുതി അടച്ചിട്ടില്ലെന്ന് കുഴൽനാടൻ ആരോപിച്ചു. ”1.72 കോടി വാങ്ങിയപ്പോൾ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ പറഞ്ഞത് ഇതു പൊളിറ്റിക്കൽ ഫണ്ടിങ്ങായി നൽകിയ പണമാണെന്നും കൈപ്പറ്റിയ തുകക്കായി ഒരു സേവനവും കമ്പനി നൽകിയിട്ടില്ല എന്നുമാണ്. ഇതിനെയാണ് രണ്ടു കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടെന്ന് സിപിഎം പറഞ്ഞത്. ഈ പണം സേവനത്തിനു നൽകിയെന്നാണ് പാർട്ടി പറയുന്നത്. സിഎംആർഎൽ കേരളത്തിലും എക്‌സാലോജിക് കർണാടകയിലുമാണ്.

1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക, അതായത് 30.96 ലക്ഷംരൂപ എസ്ജിഎസ്ടി അടയ്‌ക്കേണ്ടതാണ്. എന്നാൽ അതിന്റെ രേഖ ഇതുവരെ സിപിഎം പുറത്തുവിട്ടിട്ടില്ല. ഇതു പുറത്തുകാണിക്കാൻ സിപിഎം തയാറാണോ? എസ്ജിഎസ്ടി അടച്ചിട്ടില്ല എന്നതിനർഥം ഇതു പൊളിറ്റിക്കൽ ഫണ്ടിങ്ങാണ് എന്നാണ്. ഈ നികുതി വെട്ടിപ്പിനെതിരെ ഡിവൈഎഫ്‌ഐ സമരം ചെയ്യുമോ? കേരളത്തിനു കിട്ടാനുള്ള ജിഎസ്ടി മുഴുവൻ പിടിച്ചെടുക്കുമെന്നാണല്ലോ കഴിഞ്ഞ ദിവസം ധനമന്ത്രി പറഞ്ഞത്. ഇച്ഛാശക്തിയുണ്ടെങ്കിൽ ഈ പണം വീണ്ടെടുക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടത്.

ഒന്നുകിൽ ഇന്ററിം സെറ്റിൽമെന്റിന്റെ റിപ്പോർട്ടു പ്രകാരമുള്ള കണ്ടെത്തൽ ശരിയാണെന്നും നടന്നത് പൊളിറ്റിക്കൽ ഫണ്ടിങ്ങാണെന്നും നിങ്ങൾ അംഗീകരിക്കണം. അല്ലെങ്കിൽ ധനമന്ത്രി നികുതിവെട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണം. ഇതിനായുള്ള കത്ത് ഇപ്പോൾതന്നെ ധനമന്ത്രിക്ക് അയയ്ക്കുകയാണ്. ആരും പരാതിപ്പെട്ടില്ലെന്ന് പിന്നീട് പറയരുത്. ഒന്നുകിൽ 1.72 കോടി രൂപ മാസപ്പടിയായി വാങ്ങിയെന്ന് അംഗീകരിക്കണം. അല്ലെങ്കിൽ നികുതിവെട്ടിച്ചത് മാത്യു കുഴൽനാടനല്ല, വീണാ വിജയനാണെന്ന് അംഗീകരിക്കണം.

ഇന്നത്തെ സിപിഎമ്മിന്റെ അവസ്ഥ കണ്ട് സഹതാപം തോന്നുന്നു. വീണയുടെ കമ്പനിയുടെ സെക്യൂരിറ്റിയായി പ്രവർത്തിക്കേണ്ട അവസ്ഥയാണ് സിപിഎമ്മിനുള്ളത്. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായി സംസ്ഥാന സെക്രട്ടറി തരംതാഴ്ന്നിരിക്കുകയാണ്.” കുഴൽനാടൻ പറഞ്ഞു.

”201415ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ വീണ നിക്ഷേപിച്ചു. 201516 വർഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആർഎൽ കമ്പനി ഉടമയുടെ ഭാര്യയിൽനിന്ന് 25 ലക്ഷം ലഭിച്ചു. പിറ്റേവർഷം 37 ലക്ഷം രൂപ നൽകി. 201718 വർഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവർഷം 17 ലക്ഷം രൂപ നഷ്ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകളിൽ പറയുന്നു.

202021ൽ കമ്പനിക്ക് 5.38 ലക്ഷം രൂപ ലാഭമായി. എങ്കിലും വീണ 70 ലക്ഷംരൂപ കമ്പനിയുടെ നടത്തിപ്പിനായി നൽകി. 202122 വർഷം കമ്പനിയുടെ ലാഭം കേവലം 39,427 രൂപയാണ്. വീണ കമ്പനിക്കായി 78 ലക്ഷം രൂപ മുടക്കുന്നുമുണ്ട്. 2014 മുതൽ വീണാ വിജയൻ നടത്തിയ കമ്പനി ഏതാനും മാസങ്ങൾക്കു മുൻപു പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് മനസ്സിലാക്കാനാവുന്നത്. കഴിഞ്ഞ അഞ്ച് വർഷം എക്‌സാ ലോജിക് എന്ന കമ്പനി നടത്തിയതിന്റെ പേരിൽ വീണയ്ക്ക് 63.41 ലക്ഷം രൂപ നഷ്ടമുണ്ടായി.” കുഴൽനാടൻ പറഞ്ഞു.

ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്നു ദിവസമായിട്ടും ഉത്തരം ലഭിക്കാത്ത സ്ഥിതിക്ക്, താൻ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് കുഴൽനാടൻ അറിയിച്ചിരുന്നു. ”കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോപണ പ്രത്യാരോപണങ്ങൾ നടന്നു വരികയാണ്. സിപിഎം എനിക്കെതിരെ വ്യക്തിപരമായും ഞാൻ ഭാഗമായിട്ടുള്ള സ്ഥാപനത്തിനെതിരെയും നിരന്തരം ആരോപണമുന്നയിച്ചിരുന്നു. മറുപടി നൽകിയിട്ടും വീണ്ടും പ്രത്യാരോപണവുമായി രംഗത്തുവന്നു. എന്നാൽ എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സിപിഎം ഇതുവരെ തയാറായിട്ടില്ല.

റോഡു വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിനു പിന്നാലെ വീടിന്റെ പിന്നിലുള്ള മുറ്റം ലെവലാക്കാനായി മണ്ണിട്ടതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥർ സർവേക്ക് എത്തിയത്. നികുതി വെട്ടിപ്പെന്ന് ആരോപിച്ചാണ് പ്രധാനമായും സിപിഎം രംഗത്തുവന്നത്. മൂന്നാറിൽ വാങ്ങിയ സ്വത്തിന് നികുതി വെട്ടിപ്പു നടത്തിയെന്നാണ് പ്രധാന ആരോപണം. കേരളത്തിലെ പൊതുസമൂഹം എന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അവരോട് ഞാൻ നന്ദി പറയുകയാണ്.” കുഴൽനാടൻ കൂട്ടിച്ചേർത്തു.