സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹൃദ്രോഗ പ്രതിരോധ പരിപാടികള്‍ സംഘടിപ്പിച്ച് ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ . ഓരോ ജില്ലയിലെയും ഹൃദയസംബന്ധമായ അപകടസാധ്യത ഘടകങ്ങള്‍ പഠിച്ചാണ് ഐ.സി.സി.കേരള ചാപ്റ്റര്‍ പ്രതിരോധത്തിനുള്ള ഈ പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ശശികുമാര്‍ എം, ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ദേശീയ അധ്യക്ഷന്‍ ഡോ.ജയഗോപാല്‍ പി.ബി, ഡോ.പ്രതാപ് കുമാര്‍, ഡോ.ബിനോ ബെഞ്ചമിന്‍, ഡോ.മഹേഷ് കുമാര്‍, ഡോ.അശോകന്‍, ഡോ.ജയകുമാര്‍, ഡോ.ജോര്‍ജ് തയ്യില്‍, ഡോ.ജാബിര്‍ .എ എന്നിവര്‍ പ്രതിരോധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ആരോഗ്യകരമായ ഹൃദയവും ജീവിതശൈലിയും തങ്ങളുടെ പ്രഥമ പരിഗണനകളിലൊന്നാണെന്ന് സ്‌കൂള്‍ ജീവിതത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണം. ഇതിനായി കേരളത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ഐ.സി.സി.കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ശശികുമാര്‍ എം. പറഞ്ഞു.ആദ്യ ഘട്ടത്തില്‍ 14 ജില്ലകളിലും രണ്ട് സ്‌കൂളുകളിലായാണ് പദ്ധതി നടത്തുന്നത്. ഓരോ സ്‌കൂളില്‍ നിന്നും 100 മുതല്‍ 160 വരെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമുണ്ട്. . ജൂലൈ 17 -ന് കൊല്ലം ജില്ലയില്‍ ആരംഭിച്ച പരിപാടി ഓഗസ്റ്റില്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയാകുമെന്ന് ഡോ. ശശികുമാര്‍ എം അറിയിച്ചു.
വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗ പ്രശ്നങ്ങളെക്കുറിച്ചും, പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സ്‌കിറ്റുകള്‍. മികച്ച സ്‌കിറ്റിന് സമ്മാനം, തുടര്‍ന്ന് കാര്‍ഡിയോളജിസ്റ്റുകളുമായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ആശയ വിനിമയം, ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള എം..സി.ക്യു. എന്നിവ ഉള്‍പ്പെടുന്ന പരിപാടികളാണ് അരങ്ങേറുന്നത്.
പരിപാടിയുടെ ഭാഗമായി കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കും. സ്‌കൂള്‍ കഫേറ്റീരിയകളില്‍ പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം ഉറപ്പാക്കുക അനാരോഗ്യകരമായ ഭക്ഷണസാധനങ്ങളുടെ ലഭ്യത പരിമിതപ്പെടുത്തുക, പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപഭോഗം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങള്‍ക്കായി സ്‌കൂള്‍ അധികൃതരുമായി ഐസിസി കേരള ചാപ്റ്റര്‍ കൂടിക്കാഴ്ച്ചകള്‍ നടത്തുന്നുണ്ട്.വിദ്യാര്‍ത്ഥികളുടെ ഹൃദയ സംബന്ധമായ അപകട ഘടകങ്ങള്‍ വിലയിരുത്തുന്നതിനായി പരിശോധനകളും സംഘടിപ്പിക്കും.