തടുക്കാനാകാത്ത പ്രയാണമെന്ന് കോൺഗ്രസ്; ലഡാക്കിൽ രാഹുൽഗാന്ധിയുടെ ബൈക്ക് റൈഡ്‌

രണ്ടുദിവസമായി ലഡാക്കിൽ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി ഇപ്പോൾ സാഹസിക ബൈക്ക് യാത്രയിലാണ്. ഇന്ത്യയിലെ ഏറ്റവും ഭംഗിയേറിയ പാങ്കോങ്ങിലേക്കാണ് ബൈക്കിൽ യാത്ര നടത്തിയത്.
എട്ടോളം വരുന്ന മറ്റു സഹയാത്രികരും കൂടെയുണ്ട്.

ലേ -ലഡാക്കിലെ പ്രശസ്തമായ പങ്കോങ് തടാകത്തിലേക്കായിരുന്നു യാത്ര. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 13862 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാംഗോങ് തടാകം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഉപ്പുവെള്ള തടാകമാണ്.

ഏകദേശം 160 കിലോമീറ്റർ വരെ നീളുന്ന, പാംഗോങ് തടാകത്തിന്റെ മൂന്നിലൊന്ന് ഇന്ത്യയിലും മറ്റ് മൂന്നിൽ രണ്ട് ഭാഗം ടിബറ്റിലുമാണ്. രാഹുൽ ഗാന്ധി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലാണ് പങ്കുവെച്ചിരിക്കുന്നത്.

ചില ചിത്രങ്ങൾ രാഹുൽ ഗാന്ധി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും പങ്കുവച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഇതെന്ന് എന്റെ അച്ഛൻ പറയാറുണ്ടായിരുന്നു എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ രാഹുൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാജ്യത്തെ കർഷകരോടും, ലോറി തൊഴിലാളികളോടും, പച്ചക്കറി വിപണക്കാരോടുമടക്കം സമയം ചിലവിട്ടശേഷമുള്ള ബൈക്ക് യാത്രക്കും അത്രത്തോളം പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.