ചന്ദ്രയാൻ-3 റോവറിന്റെ സഞ്ചാരത്തെ കുറിച്ചുള്ള പുതിയ വിവരം പങ്കുവെച്ച് ISRO ചന്ദ്രനിലൂടെ പ്രഗ്യാൻ റോവർ 8 മീറ്റർ ദൂരം യാത്ര ചെയ്തുവെന്നാണ് ഐഎസ്ആർഒ ട്വീറ്റിലൂടെ അറിയിച്ചത്.
റോവർ പേലോഡുകളായ എപിഎക്സ്എസ്,എൽഐബിഎസ് എന്നിവ ഓൺ ആക്കി. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ മൊഡ്യൂൾ, റോവർ എന്നിവയിലെ എല്ലാ പേലോഡുകളും പ്രവർത്തിക്കുന്നുണ്ട്’, ഐ എസ് ആർ ഒ ട്വീറ്റിൽ പറഞ്ഞു.
… … and here is how the Chandrayaan-3 Rover ramped down from the Lander to the Lunar surface. pic.twitter.com/nEU8s1At0W
— ISRO (@isro) August 25, 2023
ലാൻഡിങ് മേഖലയ്ക്ക് ചുറ്റുമുള്ള മണ്ണിന്റെയും പാറകളുടെയും അലുമിനിയം, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിലിക്കൺ, ടൈറ്റാനിയം എന്നിങ്ങനെയുള്ള മൂലക ഘടനകളെ കുറിച്ചുള്ള വിപുലമായ വിവരങ്ങളാണ് എപിഎക്സ്എസ് നൽകുക. മറ്റൊരു റോവര്‍ പേലോഡായ എൽഐബിഎസ് ചന്ദ്രോപരിതലത്തിന്റെ രാസ, ധാതു ഘടനയെക്കുറിച്ചാണ് പഠിക്കുക.
ബുധനാഴ്ച വൈകീട്ട് 6.4 ഓടെ ലാൻഡർ ചന്ദ്രോപരിതലം തൊട്ട് മൂന്നര മണിക്കൂറുകൾക്ക് ശേഷമായിരുന്നു റോവർ പ്രഗ്യാൻ ലാൻഡറിന്റെ പാനൽ തുറന്ന് പുറത്ത് വന്നത്. റോവർ പുറത്തിറങ്ങുന്ന ദൃശ്യങ്ങളും നേരത്തേ ഐ എസ് ആർ ഒ പുറത്തുവിട്ടിരുന്നു. ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിൽ നിന്നും റോവർ റാംപിലൂടെ പുറത്തിറങ്ങുന്ന വീഡിയോ ആയിരുന്നു പുറത്തുവിട്ടത്. റോവർ ചക്രങ്ങൾ ചന്ദ്രനിൽ പതിഞ്ഞതോടെ അതിൽ ആലേഖനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐ എസ് ആർ ഒയുടെ ലോഗോയും ചന്ദ്രനിൽ പതിഞ്ഞിരുന്നു.