Breaking
18 Sep 2024, Wed

മാനന്തവാടി ജീപ്പ് അപകടത്തിന് കാരണം ബ്രേക്ക് നഷ്ടപ്പെട്ടത്; മരിച്ചവരിൽ അമ്മയും മകളും

വയനാട് മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ അമ്മയും മകളും. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പണി കഴിഞ്ഞ് തൊഴിലാളികളുമായി വീടുകളിലേക്ക് പോയ ജീപ്പാണ് കൊടുംവളവിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. മരിച്ച ഒൻപതു പേരും സ്ത്രീകളാണ്. മക്കിമല ആറാം നമ്പർ കോളനിയിലെ പത്മനാഭന് ഭാര്യയെയും മകളെയും നഷ്ടമായി. പദ്മനാഭന്റെ ഭാര്യയാണ് അപകടത്തില്‍ മരിച്ച ശാന്ത. ചിത്രയാണ് മകൾ.

ജീപ്പ് ഡ്രൈവർ മണികണ്ഠന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഇയാൾ പറഞ്ഞു. ഡോക്ടർമാർ വിവിധ സംഘങ്ങളായി ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തും. മൃതദേഹങ്ങൾ ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മക്കിമല എൽപി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. അതിനുശേഷമാണ് സംസ്കാരം.

അപകടത്തിൽ മരിച്ചവരുടെ സംസ്കാരച്ചെലവുകൾക്കായി അടിയന്തരമായി 10,000 രൂപ വീതം അനുവദിക്കാൻ വയനാട് മെഡിക്കൽ കോളജ് സന്ദർശിച്ച മന്ത്രി എ.െക.ശശീന്ദ്രൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. അപകടത്തിൽപ്പെട്ടവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ അറിയിച്ചു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ സന്ദർശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് തലപ്പുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ശനിയാഴ്ച വൈകിട്ട് അഞ്ചു മണിവരെ കടകൾ അടച്ചിട്ട് ഹർത്താൽ ആചരിക്കും. മാനന്തവാടി താലൂക്കിൽ നടത്താനിരുന്ന ഓണാഘോഷപരിപാടികളും മാറ്റിവച്ചു. ഒരേ കോളനിയിലുള്ളവരാണ് അപകടത്തിൽപെട്ടത്.

അപകടത്തിൽ മരിച്ചവർ: തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലെ കൂളൻതൊടിയിൽ സത്യന്റെ ഭാര്യ ലീല (42), കൂക്കോട്ടിൽ ബാലന്റെ ഭാര്യ ശോഭന (54), കാപ്പിൽ മമ്മുവിന്റെ ഭാര്യ റാബിയ (55), പത്മനാഭന്റെ ഭാര്യ ശാന്ത (50), പത്മനാഭന്റെ മകൾ ചിത്ര (28), വേലായുധന്റെ ഭാര്യ കാർത്യായനി (62), പഞ്ചമിയിൽ പ്രമോദിന്റെ ഭാര്യ ഷജ (42), ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (55), തങ്കരാജിന്റെ ഭാര്യ റാണി (57).

പരുക്കേറ്റവർ: ജീപ്പ് ഡ്രൈവർ മണികണ്ഠൻ (44), തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലെ ചിന്നയ്യന്റെ ഭാര്യ ഉമാദേവി (43), പുഷ്പരാജിന്റെ ഭാര്യ ജയന്തി (45), ബാലസുബ്രഹ്മണ്യന്റെ ഭാര്യ ലത (38), മണികണ്ഠന്റെ മകൾ മോഹന സുന്ദരി. ഗുരുതരമായി പരുക്കേറ്റ ലതയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവർ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *