മെഡല്‍ ഉറപ്പിച്ച് പ്രണോയ്; bwf world championship; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്

കോപ്പന്‍ഹേഗന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്. ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്കിന്റെ ലോക ചാമ്പ്യന്‍ വിക്ടര്‍ അക്‌സെല്‍സണെ വീഴ്ത്തിയാണ് പ്രണോയ് സെമി ബെര്‍ത്തും മെഡലും ഉറപ്പിച്ചത്. ആദ്യ ഗെയിമില്‍ വീണുപോയെങ്കിലും പിന്നില്‍ നിന്ന് കുതിച്ചെത്തിയാണ് പ്രണോയ് മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍: 13-21, 21-15, 21-16.

ജയത്തോടെ, ലോക ചാമ്പ്യന്‍ഷിപ്പ് സിംഗിള്‍സ് പോരാട്ടങ്ങളില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പുരുഷ താരമായി പ്രണോയ് മാറി. 2011 മുതല്‍ തുടര്‍ച്ചയായി ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടുന്ന രാജ്യമെന്ന റിക്കാര്‍ഡും പ്രണോയ്യുടെ സെമി പ്രവേശനത്തിലൂടെ ഇന്ത്യ നേടി.

തായ്ലന്‍ഡിന്റെ മൂന്നാം സീഡ് താരമായ കുന്‍ലാവുത് വിടിഡ്‌സാന്‍ ആണ് ശനിയാഴ്ച നടക്കുന്ന സെമി പോരിലെ പ്രണോയ്യുടെ എതിരാളി.