Breaking
18 Sep 2024, Wed

കത്തിക്കയറിയ വിലയുമായി ഓണസദ്യ; ശരാശരി 450 രൂപ

മലയാളികള്‍ ഓണത്തിരക്കിലാണ്. നാട്ടിലാകെ ഓണസദ്യ പൊടിപൊടിക്കുകയാണ്. അരിക്കും പച്ചക്കറിക്കെമെല്ലാം വില കുത്തനെ വര്‍ധിച്ചതോടെ ഈ ഓണത്തിന് വിഭവസമൃദ്ധമായൊരു ഓണസദ്യ വാങ്ങി കഴിക്കണമെങ്കില്‍ കൈയ്യില്‍ 450 രൂപ വേണമെന്നായി!

അരി, പച്ചക്കറി തുടങ്ങിയവയ്ക്ക് വില കൂടിയതോടെ ഓണസദ്യയ്ക്കും വിലക്കയറ്റമാണ്. കഴിഞ്ഞവര്‍ഷം പ്രാരംഭ വില 250 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ സ്വാദിഷ്ട വിഭവങ്ങളടങ്ങിയ സദ്യക്ക് മിനിമം കൊടുക്കണം 350 രൂപ. വിഭവങ്ങളുടെ എണ്ണം 20ല്‍ കൂടുതലാകുന്നതോടെ വില 450 ആകും. കഴിഞ്ഞ വര്‍ഷം ഒരാള്‍ക്കുള്ള ഓണസദ്യയ്ക്ക് 250 മുതല്‍ 350 രൂപ വരെയായിരുന്നു വില. ഇന്നിത് 350 രൂപ മുതല്‍ 450 രൂപ വരെയാണ്.

കഴിഞ്ഞ വര്‍ഷം 1,500 രൂപയ്ക്ക് 5 പേര്‍ക്കാണ് ഓണസദ്യ ലഭിച്ചിരുന്നതെങ്കില്‍ ഇതേ വിലയില്‍ ഇന്ന് 3 പേര്‍ക്കുള്ള ഓണസദ്യയാണ് ലഭിക്കുന്നത്. അരിക്കും പച്ചക്കറിക്കുമെല്ലാം വില കുത്തനെ ഉയര്‍ന്നതിനാലാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 100-150 രൂപയുടെ വര്‍ധന ഈ ഓണത്തിന് ഉണ്ടായതെന്ന് കൊച്ചിയിലെ ഹോട്ടലുടമകള്‍ പറയുന്നു.

അതേസമയം കഴിഞ്ഞവര്‍ഷളിലെല്ലാം റെഡിമെയ്ഡ് സദ്യകള്‍ ചെയ്തിരുന്ന ചില ഹോട്ടലുകള്‍ കുത്തനെയുള്ള ഈ വിലക്കയറ്റം മൂലം ഇത്തവണ സദ്യയൊരുക്കിയിട്ടില്ല. പല കാറ്ററിങ് സ്ഥാപനങ്ങളും കഴിഞ്ഞ വര്‍ഷം 200 രൂപയാണ് ഒരു ഓണസദ്യയ്ക്ക് ഈടാക്കിയിരുന്നത്. ഇത് ഇപ്പോള്‍ 250 രൂപയായി.

കാണം വിറ്റും ഓണമുണ്ണമെന്നാണ് പഴമക്കാര്‍ പറയുന്നത്. വിലയെത്രയാണെങ്കിലും ഓണസദ്യ വാങ്ങാന്‍ നിരവധിപേര്‍ എത്തുമെന്നാണ് കൊച്ചിയിലെ ഹോട്ടലുടമകള്‍ പറയുന്നു. കാരണം പല ഹോട്ടലുകളും ബുക്കിംഗുകള്‍ ആരംഭിച്ചതിന് തൊട്ടു പിന്നാലെ ഓണസദ്യ ബുക്ക് ചെയ്യാന്‍ ഓട്ടറെപ്പേര്‍ വിളിക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വിളിക്കുന്നവരില്‍ കൂടുതലും ബള്‍ക്ക് ഓര്‍ഡറുകളെക്കുറിച്ചാണ് അന്വേഷിക്കുന്നതും ബുക്ക് ചെയ്യുന്നതും. വീടുകളിലേക്കടക്കം ചെറിയ ഓര്‍ഡറുകളും വന്നുതുടങ്ങിയതായി അവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *