വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 സ്ത്രീകൾ മരിച്ചു

അപകടം വളവ് തിരിയുമ്പോൾ; നിയന്ത്രണംവിട്ട ജീപ്പ് വീണത് 30 മീറ്റർ താഴ്ചയിലേക്ക്

വയനാട് മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് സ്ത്രീകൾ മരിച്ചു. മക്കിമല ആറാംനമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല ഷാജ, ശോഭന, മേരി, വസന്ത എന്നിവരാണ് മരിച്ചത്.

അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ജീപ്പ് ഡ്രൈവർ മണി ഉൾപ്പെടെ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. വെള്ളിയാഴ്ച വൈകുന്നേരം 3.30ന് മാനന്തവാടിയിൽനിന്ന് വാളാടിയിലേക്കുള്ള റോഡിൽ തലപ്പുഴ തവിഞ്ഞാൽ പഞ്ചായത്തിലെ കണ്ണോത്തുമലയ്ക്ക് സമീപം വരയാലിലായിരുന്നു അപകടം.

വാഹനം വളവ് തിരിയുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് 30 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാറക്കെട്ടിലേക്കാണ് ജീപ്പ് വീണത്. അപകടത്തിൽ ജീപ്പ് പൂർണമായി തകർന്നു. അപകടത്തിനു പിന്നാലെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.

ചെങ്കുത്തായ താഴ്ചയിലേക്ക് വടംകെട്ടി ഇറങ്ങിയാണ് ജീപ്പിനരികിലേക്ക് രക്ഷാപ്രവർത്തകർ എത്തിയത്. റോഡിൽനിന്ന് ആളുകൾ വരിയായി വടത്തിൽ പിടിച്ച് താഴ്ചയിലേക്ക് ഇറങ്ങിനിന്നാണ് അപകടത്തിൽപ്പെട്ട ഓരോരുത്തരെയായി പുറത്തെത്തിച്ചത്.

സംഭവസ്ഥലത്തുതന്നെ അപകടത്തിൽപ്പെട്ട പലരും മരിച്ചിരുന്നു. ഡ്രൈവർ ഉൾപ്പെടെ 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതിൽ 13 പേരും സ്ത്രീകളായിരുന്നു.

ഇവർ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങുന്‌പോഴായിരുന്നു അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.