മറുനാടന്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു; ‘പിണറായിയുടെ കാലത്തേ ഇങ്ങനൊക്കെ നടക്കൂ’

മറുനാടന്‍ മലയാളി ഓന്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. വ്യാജ രേഖ ചമച്ച കേസില്‍ ആണ് അറസ്റ്റ്.

നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേഷനില്‍ ഹാജരായ സമയത്താണ് ഷാജന്‍ സ്‌കറിയയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് നിലമ്പൂരില്‍ ഹാജരായില്ല എങ്കില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെ 09.45 നാണ് ഷാജന്‍ സ്‌കറിയ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.

മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്ന കേസിലായിരുന്നു ചോദ്യം ചെയ്യല്‍. ഈ കേസില്‍ നേരത്തെ തന്നെ ഷാജന്‍ സ്‌കറിയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. സ്റ്റേഷനില്‍ ഹാജരായ നിലമ്പൂരിലെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നല്‍കി.

എന്നാല്‍, അപ്രതീക്ഷിതമായി എത്തിയാണ് തൃക്കാക്കര പോലീസ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. ബിഎസ്എന്‍എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചു എന്ന കേസിലാണ് അറസ്റ്റ്.

ഷാജന്‍ സ്‌കറിയയെ കൊച്ചിയില്‍ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 15 ലധികം കേസുകള്‍ ഷാജന്‍ സ്‌കറിയക്ക് എതിരെയുണ്ട്.