മുംബൈ: രാജ്യത്തെ പ്രധാന വ്യവസായി കുടുംബത്തിൽ തലമുറമാറ്റം. റിലയൻസ് ഇൻഡസ്ട്രീസിൽ ചെയർമാൻ മുകേഷ് അംബാനിയുടെ മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെ കമ്പനിയുടെ നോൺ എക്‌സിക്യൂട്ടിവ് ഡയറക്ടർമാരായി നിയമിച്ചു. ഡയറക്ടർ ബോർഡിൽ നിന്നും ഒഴിവായ ഭാര്യ നിത അംബാനി, റിലയൻസ് ഫൗണ്ടേഷൻറെ ചെയർപേഴ്‌സനായി തുടരും.
റിലയൻസിൻറെ അനുബന്ധ കമ്പനികളിൽ സുപ്രധാന പദവികൾ വഹിച്ചിരുന്ന മക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ചെയർമാൻ മുകേഷ് അംബാനി. ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ പുതുതായി റിലയൻസ് ഇൻഡസ്ട്രീസിൻറെ ഡയറക്ടർബോർഡിൽ ഉൾപ്പെടുത്തി. ഇവരെ നോൺ എക്‌സിക്യൂട്ടിവ് ഡയറക്ടർമാരായി നിയമിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു.
നിത അംബാനി ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവായിക്കൊണ്ടാണ് മക്കൾക്ക് വഴിയൊരുക്കിയത്. നിത റിലയൻസ് ഫൗണ്ടേഷൻറെ ചെയർപേഴ്‌സണായി തുടരും. മുകേഷ് അംബാനിയുടെ പദവികളും മാറ്റമുണ്ടാകില്ല. വൈകാരികമായ ഒരു മുഹൂർത്തം എന്നാണ് കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഈ തലമുറമാറ്റത്തെ മുകേഷ് അംബാനി വിശേഷിപ്പിച്ചത്
അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കുന്ന ഫിക്‌സഡ് വയൽലെസ് കണക്റ്റിവിറ്റിയായ ജിയോ എയർഫൈബറിൻറെ പ്രവർത്തനം അടുത്തമാസം 19 മുതൽ ആരംഭിക്കും. ജിയോ ഫൈവ് ജി സേവനം ഡിസംബറോടെ രാജ്യത്ത് എല്ലായിടത്തും ലഭ്യമാക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു.