ജി20യില്‍ പുടിന്‍ പങ്കെടുക്കില്ല; മോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മോദിയെ പുട്ടിന്‍ അറിയിച്ചു. പകരം വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവിനെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഊര്‍ജമേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തെന്ന് ക്രെംലിന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചന്ദ്രയാന്‍ 3 വിജയകരമാക്കിയതിന് പുട്ടിന്‍ അഭിനന്ദനം അറിയിച്ചു.

ബഹിരാകാശ മേഖലയില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. രാജ്യാന്തര ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും. അടുത്തിടെ അവസാനിച്ച ബ്രിക്‌സ് ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെ ഇരുവരും വിശകലനം ചെയ്തു.

എന്നാല്‍ രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് അറസ്റ്റിന് ഇടയാക്കുമെന്ന് കണ്ടാണ് പുട്ടിന്റെ പിന്‍മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് പുട്ടിന്‍ പങ്കെടുത്തത്. ബ്രിക്സില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് ആണ് പുട്ടിന്റെ പ്രതിനിധീകരിച്ചത്.

യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നായിരുന്നു അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യുക്രെയ്‌നില്‍ നിന്നു അനധികൃതമായി കുട്ടികളെ റഷ്യയിലേക്ക് കടത്തി എന്നായിരുന്നു പുട്ടിനെതിരെയുള്ള ആരോപണം. ഐസിസി അംഗത്വമുള്ള രാജ്യങ്ങളിലേക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടും. തുടര്‍ന്ന് ഹേഗില്‍ കോടതിയില്‍ പുട്ടിനെ ഹാജരാക്കി വിചാരണ നടത്തും. ഏതെങ്കിലും രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലിരിക്കെ ഐസിസിയുടെ അറസ്റ്റ് വാറന്റ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് പുട്ടിന്‍. അടുത്ത മാസം ആദ്യം ഡല്‍ഹിയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്.