അറസ്റ്റിലായ IRS ഉദ്യോഗസ്ഥനുമായി ബന്ധം: നടി നവ്യനായരുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്

നടിയും നര്‍ത്തകിയുമായ നവ്യനായരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ലക്‌നൗവില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന് നടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യല്‍. (Malayalam actress Navya Nair and the IRS Sachin Sawant Money Laundering Case)

സച്ചിന്‍ സാവന്ത് നടിക്ക് ആഭരണങ്ങള്‍ സമ്മാനിച്ചുവെന്ന് ഇഡി പറഞ്ഞു. ഇരുവരുടേയും ഫോണ്‍ വിവരങ്ങള്‍ അടക്കം ഇ ഡി പരിശോധിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സച്ചിന്‍ സാവന്തിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സച്ചിനുമായി സൗഹൃദം മാത്രമാണുള്ളതെന്ന് നവ്യ നായര്‍ പ്രതികരിച്ചു.

അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുംബൈയില്‍ അറസ്റ്റിലായ സച്ചിന്‍ സാവന്ദിന്റെ ഫോണുകളും യാത്രാരേഖകളും പരിശോധിച്ചതില്‍ ഇവര്‍ തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നാണ് ഇ.ഡി നിഗമനം. നവ്യയെ കാണാനായി എട്ടിലേറെ തവണ ഇയാള്‍ കൊച്ചിയിലെത്തിയിരുന്നെന്നും ഇ.ഡിയില്‍ നിന്ന് അറിയുന്നു. സച്ചിന്‍ നല്‍കിയ സമ്മാനങ്ങള്‍ സൗഹൃദത്തിന്റെ പേരിലായിരുന്നുവെന്നും നവ്യയും ഇ.ഡിയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഉന്നത ഉദ്യോഗസ്ഥനുമായുള്ള സൗഹൃദം വിനയായിരിക്കുകയാണ് നവ്യ നായര്‍ക്ക്.

അഴിമതി നിരോധന നിയമപ്രകാരമാണ് ജൂണ്‍ 27ന് സച്ചിന്‍ ഇ.ഡിയുടെ അറസ്റ്റിലാകുന്നത്. ഇയാള്‍ മുംബൈയില്‍ എന്‍ഫോഴ്‌സമെന്റ് ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.