പാചകവാതക വിലയിലെ ഇളവ് പ്രാബല്യത്തില്‍; കുറച്ചത് 200 രൂപ

പാചകവാതകവില സിലിണ്ടറിന് 200 രൂപ കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തില്‍. പ്രധാനമന്ത്രിയുടെ ഓണം, രക്ഷാബന്ധന്‍ സമ്മാനമാണെന്ന് വ്യക്തമാക്കിയാണ് ഇന്നലെ ഇളവ് പ്രഖ്യാപിച്ചത്. ഉജ്വല പദ്ധതിയിലുള്ളവര്‍ക്ക് 400 രൂപ കുറയും. അര്‍ധരാത്രിയോടെ ഇളവ് പ്രാബല്യത്തിലായി. നിലവില്‍ 1,100 രൂപയുള്ള പാചകവാതക സിലിണ്ടര്‍ ഇനി 910 രൂപയ്ക്കും പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരം ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 710 രൂപയ്ക്കും ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്.

ഗാര്‍ഹിക സിലിണ്ടറിന്റെ വില കുറച്ചതിന്റെ പ്രയോജനം 31 കോടി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 9.6 കോടി ഉജ്വല ഗുണഭോക്താക്കള്‍ക്കും ലഭിക്കും. ദരിദ്ര കുടുംബങ്ങളില്‍നിന്നുള്ള 75 ലക്ഷം സ്ത്രീകള്‍ക്കുകൂടി ഉജ്വല യോജന പ്രകാരം പാചകവാതക കണക്ഷനുകള്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ഉജ്വല യോജന ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയാകും.

7,500 കോടി രൂപയുടെ അധികസാമ്പത്തിക ബാധ്യതയാണ് സബ്സിഡി കേന്ദ്രസര്‍ക്കാരിനുണ്ടാക്കുക. ജനപക്ഷ തീരുമാനമാണിതെന്നും കുടുംബ ബജറ്റിന് സഹായകമാകുമെന്നും പെട്രോളിയം–പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ബിജെപിക്ക് അതിനിര്‍ണായകമായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നീക്കം.