‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യയെന്നും അതിനു നേർക്കുള്ള ആക്രമണമാണിതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
‘‘ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ യൂണിയൻ ആണ്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം ഈ യൂണിയനെയും അതിന്റെ സംസ്ഥാനങ്ങളെയും ആക്രമിക്കുന്നതാണ്’’– സമൂഹമാധ്യമമായ എക്സിൽ (ട്വിറ്റർ) രാഹുൽ കുറിച്ചു. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് എന്ന നിർദേശം നടപ്പാക്കുന്നതിനുള്ള മാർഗങ്ങൾ പഠിക്കാൻ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായി സമിതി രൂപീകരിക്കാൻ കേന്ദ്രം തീരുമാനിച്ചതിനു പിന്നാലെയാണു രാഹുലിന്റെ വിമർശനം.
സമിതിയിലേക്ക് ഇല്ലെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു. രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് എന്ന കാരണം പറഞ്ഞു ഗുലാം നബി ആസാദിനെ സമിതിയിലുൾപ്പെടുത്തി. എന്നാൽ, രാജ്യസഭയിലെ നിലവിലെ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖർഗെയെ തഴഞ്ഞു. ഒരേ സമയം തിരഞ്ഞെടുപ്പെന്ന ആശയം 1982ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുവച്ചതു മുതൽ കോൺഗ്രസ് എതിർക്കുന്നുണ്ട്.
Leave a Reply