അമിതമായ സ്‌ക്രീൻ ടൈം കുട്ടികളുടെ യുക്തിസഹമായ കഴിവിനെ ബാധിക്കും: പഠനം

കമ്പ്യൂട്ടർ പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് (Excessive screen time) കുട്ടികളുടെ യുക്തിസഹമായ കഴിവുകൾ (Reasoning Skills) പരിമിതപ്പെടുത്തുമെന്ന് പഠനങ്ങൾ. അക്കാദമിക ആവശ്യങ്ങൾക്കായും അല്ലാതെയും സ്‌കൂൾ വിദ്യാർഥികൾ (School Students) ഏറെ നേരം ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഇന്ന് സാധാരണ സംഭവമാണ്. ഇത് വിദ്യാർഥികളെ പഠന മേഖലയിൽ വലിയ രീതിയിൽ തന്നെ സഹായിക്കുന്നുണ്ട്. (How Computer usage affect Children)

എന്നാൽ ഇതേ ശീലം തന്നെ അവരുടെ അക്കാദമിക പ്രകടനത്തെയും (academic performance) ദൈനംദിന പ്രശ്‌നപരിഹാരത്തെയും മോശമായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈസ്‌റ്റേൺ ഫിൻലാൻഡ് യൂണിവേഴ്‌സിറ്റിയിൽ (University of Eastern Finland) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉയർത്തിയും ചുവന്ന മാംസം (Red Meat) ഭക്ഷണത്തിൽ നിന്നും ഒഴിവാക്കിയും കുട്ടികളെ വായന, കായികം തുടങ്ങിയ മേഖലകളിൽ കൂടുതൽ സമയം ചെലവഴിപ്പിച്ചതിലൂടെയും യുക്തിസഹമായ കഴിവുകൾ വർധിക്കുന്നതായി സർവകലാശാല കണ്ടെത്തുകയായിരുന്നു.

ആരോഗ്യകരമായ ഭക്ഷണ ശീലം അനിവാര്യം : രണ്ട് വർഷ കാലമാണ് സർവകലാശാല വിദ്യാർഥികളിൽ പരീക്ഷണം നടത്തിയത്. അതേസമയം, കമ്പ്യൂട്ടർ പോലുള്ള ഉകരണങ്ങളുടെ ഉപയോഗവും കൃത്യതയില്ലാത്ത ശാരീരിക പ്രവർത്തനങ്ങളും (unsupervised leisure time physical activity) അവരുടെ പ്രശ്‌നങ്ങളെ യുക്തിയോടെ നേരിടാനുള്ള കഴിവ് കുറക്കുന്നതായി തിരിച്ചറിഞ്ഞു. ആരോഗ്യകരമായ ഭക്ഷണ ശീലമുള്ള കുട്ടികൾ മറ്റ് കുട്ടികളേക്കാൾ മികച്ച വൈജ്ഞാനിക വികസനമുള്ളവരായിരിക്കുമെന്നാണ് സർവകലാശാലയിലെ ഗവേഷകനായ സെഹ്രിഷ് നവീദ് പറയുന്നത്.

സ്‌കാൻഡിനേവിയൻ ജേണൽ ഓഫ് മെഡിസിൻ ആൻഡ് സയൻസ് ഇൻ സ്‌പോർട്‌സിൽ (Scandinavian Journal of Medicine & Science in Sports) പ്രസിദ്ധീകരിച്ച പഠനത്തിൽ കുട്ടികളുടെ ഭക്ഷണക്രമവും ശാരീരിക പ്രവർത്തനങ്ങൾക്കുമൊപ്പം മാതാപിതാക്കളുടെ വിദ്യാഭ്യാസവും വരുമാനവും കണക്കിലെടുത്തിരുന്നു.