നെല്‍ കര്‍ഷകരുടെ വിഷയം ഉന്നയിച്ച നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കെപിപിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന്‍. യാഥാര്‍ഥ്യം വിളിച്ചു പറയുമ്പോള്‍ അതിനെതിരെ ഇടതുപക്ഷം നടത്തുന്നത് ഗുണ്ടരാഷ്ട്രീയമാണ്. കര്‍ഷകര്‍ അവരുടെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തി രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്, സുധാകരന്‍ വ്യക്തമാക്കി.
“സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് പറയുന്നതല്ലാതെ നല്‍കുന്നില്ല. കര്‍ഷകര്‍ക്ക് കോടികള്‍ നല്‍കാന്‍ ബാക്കിയുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയില്‍വെച്ചുതന്നെ ജയസൂര്യ കര്‍ഷകരെക്കുറിച്ച് പറഞ്ഞത് അത് അവര്‍ ഉള്‍ക്കൊണ്ട് തിരുത്താനാണ്. ജയസൂര്യക്കെതിരേ സൈബര്‍ പോരാളികള്‍ നടത്തുന്ന യുദ്ധം അത്രമേല്‍ ഭീകരമാണ്,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവഗണിച്ച് സര്‍ക്കാര്‍ ആഡംബരത്തിന് കോടികള്‍ ചെലവഴിക്കുന്നതായും സുധാകരന്‍ കുറ്റപ്പെടുത്തി. “ഹെലിക്കോപ്ടറില്‍ യാത്ര ചെയ്യാന്‍ പ്രതിമാസം 80 ലക്ഷം രൂപയാണ് നീക്കി വയ്ക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഇരട്ടിയാക്കി. നാന്നൂറോളം പോലീസുകാര്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നില്‍ക്കാന്‍ പോവുന്നു,” സുധാകരന്‍ ചൂണ്ടിക്കാണിച്ചു.
“മുഖ്യമന്ത്രി യാത്രചെയ്യുന്ന ട്രെയിനിന് ഓരോ കിലോമീറ്റര്‍ പരിധിയിലും രണ്ട് പോലീസുകാരെ രണ്ട് വശങ്ങളിലായി കാവല്‍ നിര്‍ത്തുന്നു. യാത്ര ചെയ്യുന്ന ട്രെയിനിന് പൊലീസിന്റെ സംരക്ഷണമെന്തിനാണ്? മുഖ്യമന്ത്രിയുടെ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ,” സുധാകരന്‍ ചോദിച്ചു.
Leave a Reply