മണിപ്പൂരിൻ്റെ തലസ്ഥാനത്തുനിന്ന് അവസാന 10 കുക്കി കുടുംബങ്ങളെയും ഒഴിപ്പിച്ചു

മണിപ്പുർ തലസ്ഥാനമായ ഇംഫാലിലെ ന്യൂ ലാമ്പുലെയിനിൽ നിന്നും അവസാനത്തെ 10 കുക്കി കുടുംബങ്ങളെ സർക്കാർ ഒഴിപ്പിച്ചു. മണിപ്പുരിലെ വംശീയ കലാപത്തിനുശേഷവും ഇവിടെ തുടർന്ന 24 കുക്കി വംശജരെയാണ് ഒഴിപ്പിച്ചത്.

കുക്കി വംശജർ കൂടുതലായി കഴിയുന്ന കാൻഗ്പോക്പി ജില്ലയിലെ മോട്ട്ബംഗിലേക്കു 10 കുടുംബങ്ങളെയും നിർബന്ധിച്ചു മാറ്റുകയായിരുന്നു. തങ്ങളെ ന്യൂ ലാമ്പുലെയിനിൽനിന്നും ബലമായി ഒഴിപ്പിക്കുകയായിരുന്നെന്നു കുക്കി വംശജർ ആരോപിച്ചു.

‘‘ധരിച്ച വസ്ത്രങ്ങളല്ലാതെ മറ്റൊന്നും എടുക്കാൻ പോലും സമയം തരാതെ കൂട്ടത്തോടെ വാഹനങ്ങളിൽ കയറ്റി പ്രദേശത്തുനിന്നും ഒഴിപ്പിക്കുകയായിരുന്നു. സെപ്റ്റംബർ ഒന്നിന് രാത്രി സൈനിക വേഷത്തിലെത്തിയ ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമാണെന്നു പറഞ്ഞാണു കുടുംബങ്ങളെ ഒഴിപ്പിച്ചത്’’– ഇംഫാലിന്റെ ഹൃദയഭാഗത്തുള്ള കുക്കി പ്രദേശത്തെ വൊളന്റിയറായ എസ്.പ്രിം വൈഫേയ് പറഞ്ഞു.

മേയ് 3നു വംശീയ കലാപം ആരംഭിച്ചതിനു പിന്നാലെ ന്യൂ ലാമ്പുലെയിനിൽനിന്നും 300 ഓളം കുടുംബങ്ങള്‍ ഒഴിഞ്ഞുപോയിരുന്നു. എന്നാൽ പതിറ്റാണ്ടുകളായി താമസിച്ചിരുന്ന സ്ഥലത്തുനിന്നും വിട്ടുപോവാൻ തയാറാകാതിരുന്ന അവസാന 10 കുടുംബങ്ങളെയാണു സർക്കാ‍ർ ഇടപെട്ട് ഒഴിപ്പിച്ചത്.