പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. പാമ്പാടിയില്‍ നടന്ന കൊട്ടിക്കലാശത്തില്‍ മൂന്ന് മുന്നണികളും തങ്ങളുടെ പ്രവര്‍ത്തകരെ എത്തിച്ച് ആവേശം തീര്‍ത്തു. യുഡിഎഫിന്റെ ബൈക്ക് റാലി വിവിധ പഞ്ചായത്തുകളിലൂടെ കടന്നാണ് പാമ്പാടിയിലെത്തിയത്. കൊട്ടിക്കലാശത്തിന് ആദ്യമെത്തിയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനായിരുന്നു. പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസും എൻഡിഎ പ്രതിനിധി ജിതിന്‍ലാലും എത്തി.

ഓണാഘോഷത്തിന് നാട്ടില്‍ പോയ മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ തിരിച്ചെത്തിയതോടെ അവസാന ലാപ്പില്‍ മണ്ഡലം ഇളകി മറിഞ്ഞു.ഓണം- ഗുരുദേവ ജയന്തി അവധിക്കാലത്ത് പരസ്യ പ്രചാരണം ഒഴിവാക്കിയിരുന്ന മൂന്നു മുന്നണി സ്ഥാനാര്‍ത്ഥികളും ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം പുനരാരംഭിച്ചു. ഉമ്മന്‍ ചാണ്ടിയെന്ന വികാരത്തിലൂന്നിയാണ് യു.ഡി.എഫിന്റെ ആദ്യാവസാന പ്രചാരണം. പുതുപ്പള്ളിയില്‍ വികസനമില്ലെന്നത് വിഷയമാക്കി ഉമ്മന്‍ചാണ്ടി വൈകാരികത മറി കടക്കാനായിരുന്നു ഇടതുമുന്നണി ശ്രമം. എന്‍ഡിഎയാകട്ടെ പുതുപ്പള്ളിയില്‍ യുഡിഎഫ് – എല്‍ഡിഎഫ് ഐക്യമുന്നണിയാണ് മത്സരിക്കുന്നതെന്ന് ഉയര്‍ത്തിക്കാട്ടി പ്രചാരണ ആയുധമാക്കുന്നു.

1,76,412 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 90,277 പേരാണ് സ്ത്രീ വോട്ടര്‍മാര്‍. 86,131 പുരുഷവോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്. 6,378 പേര്‍ 80-ന് വയസിനുമുകളിലുള്ളവരാണ്. 1,126 കന്നിവോട്ടര്‍മാര്‍ ജനവിധി രേഖപ്പെടുത്തും. 2021ല്‍ ജെയ്ക് സി. തോമസിനെതിരെ ഉമ്മന്‍ചാണ്ടി 63,372 വോട്ടുകള്‍ നേടിയിരുന്നു. 9,044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എല്‍.ഡി.എഫിന് 54,328 വോട്ടുകളും എന്‍.ഡി.എയ്ക്ക് 11,694 വോട്ടുകളും നേടിയിരുന്നു.