രജനികാന്തിന് ബി.എം.ഡബ്ലിയു കിട്ടിയതറിഞ്ഞ് സോഫിയ പോളിനെ കാണാൻ ചെന്ന RDX ടീം

ഓണം റിലീസായെത്തി തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് നവാ​ഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി.എക്സ്. റിലീസ് കേന്ദ്രങ്ങളിലെല്ലാം അധികഷോകളുമായി മെ​ഗാഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. ഇപ്പോഴിതാ സിനിമയുടെ നിർമാതാവായ സോഫിയാ പോളിനെ വീട്ടിലെത്തി സന്ദർശിച്ച വിവരം രസകരമായ ഒരു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടൻ ആന്റണി വർ​ഗീസ്.

ആന്റണി വർ​ഗീസ്, ഷെയ്ൻ നി​ഗം, നീരജ് മാധവ് എന്നിവരാണ് ആർ.ഡി.എക്സിലെ നായകന്മാർ. റോബർട്ട് എന്ന കഥാപാത്രമായി ഷെയ്ൻ നി​ഗവും ഡോണിയായി പെപ്പേയും സേവ്യറായി നീരജ് മാധവുമാണെത്തിയത്. മൂവരും ചേർന്നാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ചിത്രം നിർമിച്ച സോഫിയാ പോളിനെ കാണാനെത്തിയത്. ‘ജയ്‌ലർ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും’ എന്നുപറഞ്ഞുകൊണ്ടാണ് ആന്റണി വർ​ഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

“കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും…. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ. ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ… പിന്നെ നഹാസ് പോർഷ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നേ.” പെപ്പേ കുറിച്ചു.

ജയിലർ സിനിമയുടെ വിജയത്തിന്റെ ഭാ​ഗമായി നിർമാതാവ് കലാനിധി മാരൻ നായകനായ രജനികാന്തിന് ബി.എം.ഡബ്ലിയു കാറും സംവിധായകൻ നെൽസണ് പോർഷേ കാറും സമ്മാനമായി നൽകിയിരുന്നു. ഇക്കാര്യമാണ് ആന്റണി വർ​ഗീസ് ഫെയ്സ്ബുക്ക് കുറിപ്പിൽ തമാശരൂപേണ സൂചിപ്പിച്ചത്. സാം സി. എസാണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കിയിരിക്കുന്നത്.

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബറിവാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.