കുമ്പളയില്‍ പ്ലസ് ടു വിദ്യാര്‍ഥി കാര്‍ മറിഞ്ഞ് മരിച്ച സംഭവം; പോലീസിന് ക്ലീന്‍ചിറ്റ്

കാസര്‍ഗോഡ്: കുമ്പളയില്‍ മുഹമ്മദ് ഫര്‍ഹാസ് എന്ന 17 വയസുകാരന്‍ പോലീസ് ചേസിനിടെ കാര്‍ മറിഞ്ഞ് മരിച്ച സംഭവത്തില്‍ പോലീസിന് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജില്ലാ ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

വാഹനപരിശോധനയ്ക്കിടെ ഫര്‍ഹാസിനോടും സുഹൃത്തുക്കളോടും പോലീസ് മോശമായി പെരുമാറിയെന്ന ആരോപണം ക്രൈംബ്രാഞ്ച് തള്ളി.

ഫര്‍ഹാസിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങളും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളുടെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ട്. അപകടത്തില്‍പ്പെട്ട കാറിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നും കാറിലുണ്ടായിരുന്നത് വിദ്യാര്‍ഥികളാണെന്ന് അറിഞ്ഞത് അപകടത്തിന് ശേഷമാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

അംഗടിമുഗള്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ ഫര്‍ഹാസും സുഹൃത്തുക്കളും ഓഗസ്റ്റ് 25-ന് സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ പോലീസ് തടയുകയും ഇവര്‍ വെപ്രാളത്തില്‍ വാഹനമെടുത്ത് പോവുകയുമായിരുന്നു. എന്നാല്‍, പോലീസ് വാഹനം കാറിനെ പിന്തുടരുകയായിരുന്നുവെന്നും കുമ്പള കളത്തൂര്‍ പള്ളത്ത് വെച്ച് കാര്‍ അപകടത്തില്‍ പെടുകയുമായിരന്നുവെന്നുമാണ് ആരോപണം.

വിദ്യാര്‍ഥി മരിച്ചതിന് പിന്നാലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. എസ്ഐ രജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ദീപു എന്നിവരെ സ്ഥലം മാറ്റിയിരുന്നു.