ബംഗളൂരുവില്‍ പാനൂര്‍ സ്വദേശി കുത്തേറ്റു മരിച്ചത് ലഹരി പാര്‍ട്ടിക്കിടെ

ബംഗളൂരുവില്‍ മലയാളി യുവാവ് ചൊവ്വാഴ്ച കുത്തേറ്റ് മരിച്ചത് ലഹരി പാര്‍ട്ടിക്കിടയിലെന്ന് സൂചന. പാനൂര്‍ അണിയാരം മഹാ ശിവക്ഷേത്രത്തിന് സമീപം കീഴായ മീത്തല്‍ ഫാത്തിമാസില്‍ മജീദ്-അസ്മ ദന്പതികളുടെ മകന്‍ ജാവേദ് (29) ആണ് നെഞ്ചിന് കുത്തേറ്റ് മരിച്ചത്.

ജാവേദിന്റെ സുഹൃത്തായ ബല്‍ഗാം സ്വദേശിനി രേണുക ഉള്‍പ്പെടെ രണ്ടു പേരെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

രേണുക ഇതിനു മുന്പ് രണ്ടു കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജാവേദ് 20 ദിവസത്തേക്കായി വാടകയ്‌ക്കെടുത്ത ബംഗളൂരു ഹുളിമാവിനു സമീപത്തെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് ഇന്ന് ഒഴിയാനിരിക്കെയാണ് കൊലപാതകം നടന്നത്.

നെഞ്ചില്‍ ആഴത്തിലുള്ള മുറിവോടെ ജാവേദിനെ ഹുളിമാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് പെണ്‍ സുഹൃത്ത് രേണുകതന്നെയാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കൊലപാതകം നടന്ന അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് പരിശോധിച്ചു വരികയാണ്.

ബംഗളൂരു ബനാറകട്ട റോഡില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നു ജാവേദ്. ലഹരിപാര്‍ട്ടിക്കായാണ് ഫ്‌ലാറ്റ് എടുത്തതെന്നാണു സൂചന. മറ്റൊരു മലയാളി വ്യാപാരിയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് സര്‍വീസ് അപ്പാര്‍ട്ടുമെന്റ് ബുക്ക് ചെയ്തത്.

ഇവിടെ വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് കുത്തേറ്റത്. കുത്തേറ്റ നിലയില്‍ ആശുപത്രിയിലെത്തിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.