പുതുപ്പള്ളിയില്‍ സിപിഎമ്മിന് പരാജയഭീതിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

കണ്ണൂര്‍: പുതുപ്പള്ളിയില്‍ സിപിഎമ്മിന് പരാജയഭീതിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അത് മറച്ചുവെയ്ക്കാനാണ് ബിജെപി വോട്ട് കോണ്‍ഗ്രസിന് ലഭിച്ചെന്ന ആരോപണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയാായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപിയുടെ വോട്ട് വാങ്ങിയെന്ന് തനിക്ക് സംശയം ഉണ്ടെന്ന് എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മണ്ഡലത്തില്‍ ബിജെപിക്ക് 19,000ല്‍പരം വോട്ടുണ്ട്. ചാണ്ടി ഉമ്മന്‍ ജയിക്കുകയാണെങ്കില്‍ ഈ വോട്ടുവാങ്ങല്‍ ആണ് കാരണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ ഇത് സാമാന്യ ബുദ്ധിയുള്ള ഒരാളുടെ പരാമര്‍ശമല്ലെന്ന് സുധാകരന്‍ വിമര്‍ശിച്ചു. പുതുപ്പള്ളിയില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് ബോധപൂര്‍വം ഉണ്ടാക്കിയ കെണിയാണ്. മുഴുവന്‍ യുഡിഎഫ് വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാനായില്ലെന്നും സുധാകരന്‍ പറഞ്ഞു.

ചാണ്ടി ഉമ്മന്റെ ആരോപണം വസ്തുതാപരമാണ്. പോളിംഗ് ശതമാനം 80 ശതമാനത്തിലേറെ ഉയരുമെന്ന് പ്രതീക്ഷിച്ചതായും കെ.സുധാകരന്‍ വ്യക്തമാക്കി.

പോളിംഗ് വൈകിപ്പിക്കാന്‍ ഗൂഢാലോചന നടന്നെന്നാണ് ചാണ്ടി ഉമ്മന്‍ ആരോപിച്ചത്. വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ ശ്രമിച്ചതില്‍ പരാതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.