Breaking
18 Sep 2024, Wed

ഉദയനിധിക്ക് ശക്തമായ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി

സനാതന ധര്‍മ്മ വിവാദത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധര്‍മം ഉന്മൂലനം ചെയ്യണമെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ മറുപടി നല്‍കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം. കേന്ദ്രമന്ത്രിസഭയുടെ വിശാലയോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.

ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം ഉള്‍പ്പെടെ നിരത്തണം. എന്നാല്‍ പഴയകാര്യങ്ങള്‍ ഉന്നയിച്ച് ധ്രുവീകരണം പാടില്ലെന്നും മോദി നിര്‍ദേശിച്ചു.

സനാതനധര്‍മം സമൂഹത്തില്‍നിന്ന് ഉന്മൂലനം ചെയ്യുന്നതിനെ ആസ്പദമാക്കി ചെന്നൈയില്‍ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ്, ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമര്‍ശം.

സനാതനധര്‍മം സാമൂഹ്യനീതിക്ക് എതിരാണെന്നും അതിനെ ഉന്മൂലനം ചെയ്യാനായാല്‍ സമൂഹത്തില്‍നിന്ന് നിരവധി തിന്മകള്‍ ഒഴിവാകുമെന്നും പറഞ്ഞ അദ്ദേഹം, ഡെങ്കിയെയും മലേറിയയെയും കൊറോണയെയും ഉന്മൂലനം ചെയ്തതുപോലെ സനാതന ധര്‍മത്തെയും ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞു.

ജനത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്നത് സനാതന ധര്‍മ തത്വമാണെന്നും ഇത് ഇല്ലാതാക്കിയാല്‍ മാനവികതയും തുല്യതയും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സനാതനം എന്ന വാക്ക് സംസ്‌കൃതത്തില്‍നിന്നുള്ളതാണെന്നും തുല്യതയ്ക്കും സാമൂഹ്യനീതിക്കും എതിരാണിതെന്നുമായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *