ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ പിടിയില്‍. ആലുവയിലെ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ സതീഷ് എന്ന വ്യാജപ്പേരിലാണ് എറണാകുളത്ത് കഴിഞ്ഞിരുന്നത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.

ആലുവയിലെ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകള്‍ ഇന്നലെ രാത്രി പീഡനത്തിനു ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീന്നീട് രക്തം ഒലിച്ച നിലയില്‍ പാടത്തു നിന്നാണ് കണ്ടെത്തിയത്.

പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോകുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ അറിയിച്ചതിനു പിന്നാലെ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് തൊട്ടപ്പുറത്തെ പാടത്തു കുട്ടിയെ രക്തം ഒലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം നടക്കുമ്പോള്‍ മാതാപിതാക്കളും ഉറക്കത്തിലായിരുന്നു. ഉറക്കമുണര്‍ന്നു മാതാപിതാക്കള്‍ നോക്കിയപ്പോഴാണ് കുട്ടിയെ കണാനില്ലെന്നു മനസിലായത്. പിന്നാലെയാണ് തിരച്ചില്‍ നടത്തിയത്.

നാട്ടുകാര്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് കുട്ടി ചികിത്സയിലുള്ളത്.