ഭൂപരിധി നിയമം മറികടക്കാന്‍ ഗുരുതര ക്രമക്കേടുകള്‍ നടത്തി; പിവി അന്‍വറിന് എതിരെ ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

ഭൂപരിധി നിയമം മറികടക്കാനായി ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്നാണ് ലാന്‍ഡ് ബോര്‍ഡ് ഓതറൈസിഡ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്‍വറിന്റെയും ഭാര്യയുടേയും പേരിലുള്ള പിവിആര്‍ എന്റര്‍ടെയ്ന്‍മെന്റ് പാര്‍ട്ണര്‍ഷിപ് ഫേമിന് എതിരെയാണ് റിപ്പോര്‍ട്ട്.

ഈ പങ്കാളിത്ത സ്ഥാപനം പാര്‍ട്ണര്‍ഷിപ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇത് തുടങ്ങിയത് ചട്ടം മറികടക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിവി അന്‍വറിന് എതിരായ മിച്ചഭൂമി കേസില്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് നടത്തിയ സിറ്റിങിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇതുവരെ എംഎല്‍എയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകള്‍ ലാന്‍ഡ് ബോര്‍ഡിനു മുന്‍പാകെ സമര്‍പ്പിച്ചിട്ടില്ല. അന്‍വറിന്റേയും കുടുംബത്തിന്റേയും പക്കല്‍ 19 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നു ലാന്‍ഡ!് ബോര്‍ഡ് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇതിലേറെ ഭൂമിയുണ്ടെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ വാദം. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് ഇന്ന് വരെ സമയം അനുവദിച്ചത്.