പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ആദ്യ ഫലം എട്ട് മണിയോടെ

രാവിലെ എട്ട് മണിക്ക് കോട്ടയം ബസേലിയസ് കോളേജിൽ വോട്ടെണ്ണൽ ആരംഭിക്കും. പത്തു മിനുട്ടിനകം ആദ്യ സൂചനകള്‍ വന്നുതുടങ്ങും. ഉപതെരഞ്ഞെടുപ്പ് ഫലം എണ്ണുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ബസേലിയസ് കോളേജില്‍ ഒരുക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ 20 മേശകളിലായി സൂഷ്‌മമായി എണ്ണും. ഇതിലെ 14 മേശകള്‍ വോട്ടിംഗ് മെഷിനീല്‍ നിന്നുള്ള കണക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണാന്‍ അഞ്ച് മേശകള്‍ ഒരുക്കിയിരിക്കുമ്പോള്‍ അവശേഷിക്കുന്ന ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകള്‍ എണ്ണും. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ 13 റൗണ്ടുകളിലായാണ് എണ്ണാനായി മേശയിലേക്ക് വരിക. മണ്ഡലത്തില്‍ ആകെയുള്ള 182 ബൂത്തുകളില്‍ ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണാനായി എടുക്കുക. രണ്ടാം റൗണ്ടില്‍ 15 മുതല്‍ 28 വരെയുള്ള ബൂത്തുകളിലെ എണ്ണും. ഇങ്ങനെ തുടര്‍ച്ചയായി 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുക. ഓരോ ടേബിളിലും ഒന്ന് വീതം മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സൂപ്പർ വൈസർ, രണ്ട് കൗണ്ടിംഗ് സ്റ്റാഫ് എന്നിവരാണ് കൗണ്ടിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍. ആകെയുള്ള 20 കൗണ്ടിംഗ് മേശകളിലുമായി 74 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്. കനത്ത സുരക്ഷയിലാണ് ബസേലിയോസ് കോളേജില്‍ വോട്ടെണ്ണല്‍ നടക്കുക.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്‍റെ ജെയ്‌ക് സി തോമസും എന്‍ഡിഎയുടെ ജി ലിജിന്‍ ലാലുമാണ് സ്ഥാനാര്‍ഥികള്‍. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 9,044 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ജെയ്‌ക്കിനെതിരെ ഉമ്മന്‍ ചാണ്ടി നേടിയത്. ഉപതെരഞ്ഞെടുപ്പില്‍ 72.86 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട് ചെയ്‌തു എന്നാണ് കണക്ക്.