പുതുപ്പള്ളിയില്‍ ചരിത്രം എഴുതി ചാണ്ടി ഉമ്മൻ; ലീഡ് 37,719 : ജെയ്ക്കിന് ഹാട്രിക്ക് തോല്‍വി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെതുടര്‍ന്ന് സംഭവിച്ച ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മകന്‍ മറികടന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് ഹാട്രിക് തോല്‍വി സമ്മാനിച്ചാണ് ചാണ്ടി ഉമ്മന്റെ വിജയം.

ചാണ്ടിയുടെ 37,719 ഭൂരിപക്ഷം മറികടന്നത് 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷത്തെയാണ്. പുതുപ്പള്ളിയില്‍ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു. ഈ തിരഞ്ഞെടുപ്പില്‍, ജെയ്ക് 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോട് മത്സരിച്ചു എന്ന പ്രത്യേകതയുമുണ്ടായി.

7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 72.86% പേര്‍ വോട്ട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്. ഉമ്മന്‍ ചാണ്ടി മുഖ്യചര്‍ച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനവും വിവാദങ്ങളും ഒപ്പം ഉയര്‍ന്നിരുന്നു.

മുന്‍മുഖ്യമന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ഥിയായി എന്ന അപൂര്‍വതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്.

ലിജിന്‍ ലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാര്‍ഥി), ഷാജി (സ്വതന്ത്ര സ്ഥാനാര്‍ഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍. 1970 മുതല്‍ 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ക്കാലം എംഎല്‍എ ആയിരുന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മന്‍ ചാണ്ടി അന്തരിച്ചത്.