വൈദ്യുതി നിരക്ക് വർധനവ് പരിഗണനയിൽ; പ്രഖ്യാപനം ഉടൻ ; പുതുപ്പള്ളി തോൽവിയിൽ ജനത്തിന് ഷോക്ക്


വൈദ്യുതി പ്രതിസന്ധിയുടെ മറപിടിച്ച് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനയ്ക്കു കളമൊരുങ്ങുന്നു. അടുത്തയാഴ്ചയോടെ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിരക്കു വർധന പ്രഖ്യാപിക്കും. സംസ്ഥാനത്ത് വൈദ്യുതി നിരക്കു വർധന ഈ മാസം പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷനെ കൊണ്ട് പ്രഖ്യാപിക്കുവാനുള്ള നീക്കം ശക്തമായി. പുതുപ്പള്ളി ഉപതെരഞെടുപ്പ് കാരണം നിരക്ക് വർധിപ്പിക്കാതെ സർക്കാർ തീരുമാനം നീട്ടികൊണ്ടുപോവുകയായിരുന്നു. ഫലത്തിൽ പുതുപ്പള്ളിയിലെ വൻ പരാജയത്തെ തുർന്ന് ജനങ്ങൾക്ക് നൽകിയ ഷോക് ട്രീറ്റ് മെൻറായി നിരക്ക് വർധന മാറി.

ഒക്ടോബർ ഒന്ന് മുതൽ പുതുക്കിയ നിരക്ക് വർധന പ്രാബല്യത്തിൽ വരുത്തുവാനാണ് നീക്കം നടക്കുന്നത്. നിരക്ക് വർധന നിർണയിക്കുന്നതിൽ നിന്ന് റെഗുലേറ്ററി കമ്മീഷനെ തടയണമെന്ന ആവശ്യവുമായി ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾ ഹൈക്കോടതിയെ സമീപച്ചതോടെയാണ് വർധനവിന് സാങ്കേതികമായി തടസ്സമുണ്ടായത്. എന്നാൽ, നിരക്ക് വർധന നിർദ്ദേശം പരിഗണിക്കാമെന്ന് ഹൈക്കോടതി റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ ദിവസം ഉത്തരവ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റെഗുലേറ്ററി കമ്മീഷൻ അടുത്ത നാല് വർഷത്തെ താരിഫ് നിർണയിക്കും.സെപ്റ്റംബർ 30-നകം പുതിയ താരിഫ് നിലവിൽ വരും.

പെൻഷൻ ഫണ്ടിലേക്കായി നീക്കുന്ന മാസ്റ്റർ ട്രസ്റ്റ് ഫണ്ടിലെ 407 കോടി രൂപ ബാധ്യതയായി കണക്കാക്കി ഉപഭോക്താക്കളിൽ നിന്ന് ചുമത്താനുള്ള നിർദ്ദേശം വൈദ്യുതി ബോർഡ് വെച്ചിരുന്നു. ഇത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്ന വൈദ്യുതി ബോർഡിന്റെ ആവശ്യം കമ്മീഷൻ അംഗീകരിക്കില്ലെങ്കിലും ഷോക്കടിപ്പിക്കുന്ന വൈദ്യുതി നിരക്ക് വർദ്ധന തന്നെ ഉണ്ടാകുമെന്നാണ് സൂചന.

നേരത്തെ ഇത് സംബന്ധിച്ച് തെളിവെടുപ്പുകൾ പൂർത്തിയായി ഉത്തരവിറങ്ങുവാനിരിക്കേയായിരുന്നു ഹൈക്കോടതി സ്റ്റേ വന്നത്. അത് നീങ്ങിയതോടെ ഉത്തരവിറക്കുവാനുള്ള നീക്കവും സജീവമായി. നാലുവർഷത്തേയ്ക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വർധനയ്ക്കാണ് വൈദ്യുതി ബോർഡ് അപേക്ഷ നൽകിയത്. കമ്മിഷൻ നേരത്തെ ചോദിച്ച വിശദാംശങ്ങൾ വൈദ്യുതി ബോർഡ് പതിനൊന്നിനും പന്ത്രണ്ടിനുമായി സമർപ്പിക്കും. തുടർന്ന് അന്നുതന്നെ തീരുമാനം വരുവാനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്.
സമീപകാലത്ത് പുറമെ നിന്ന് വൈദ്യുതി വാങ്ങിയതിന്റെ അധികബാധ്യത നിലനിൽക്കുന്ന
സാഹചര്യത്തിൽ നിരക്ക് വർദ്ധനയുടെ ശ്രമങ്ങൾ ഊർജ്ജിതമായി കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന ഹ്രസ്വകാല കരാർ പ്രകാരം യൂണറ്റിന് ശരാശരി 7.50 രൂപയ്ക്കും മധ്യകാല കരാർ പ്രകാരം 6.88 രൂപയ്ക്കും വൈദ്യുതി നൽകാമെന്നാണ് കമ്പനികൾ സമ്മതിച്ചിട്ടുള്ളത്.
അരുണാചൽ പ്രദേശ് പവർ കോർപറേഷൻ അടുത്തമാസം 150 മെഗാവാട്ട് വൈദ്യുതി കടംനൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത് മഴക്കാലത്ത് കേരളം തിരികെ നൽകണം . കടംവാങ്ങല്‍ കരാറുകള്‍ കൂടി തുറന്നതോടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ടെന്‍ഡര്‍ നടപടികളെല്ലാം പൂര്‍ത്തിയായി. ഇതിന് റഗുലേറ്ററി കമ്മിഷന്റെ അനുമതി വേണം. യൂണിറ്റിന് 4.29 വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന ദീര്‍ഘകാല കരാര്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അടുത്തമന്ത്രിസഭായോഗത്തില്‍ പരിഗണിച്ചേക്കും.