കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പി.കെ ബിജുവിനെതിരെ ഇഡി; രണ്ടാമൻ പി. കെ ബിജു വെന്ന് അനിൽ അക്കര


അറസ്റ്റിലായ ബിനാമി ഇടപാടുകാരൻ സതീഷ് കുമാറിൽ നിന്ന് മുൻ എം.പി യും പോലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. കള്ളപ്പണകേസിൽ മുൻ എംപിയ്ക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രംഗത്തെത്തിയത്. അറസ്റ്റിലായ ബിനാമി ഇടപാടുകാരൻ സതീഷ് കുമാറിൽ നിന്ന് ആലത്തൂർ മുൻ എം.പി പി കെ ബിജുവും പോലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചിട്ടുണ്ട്. തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ സാക്ഷികളെ രാഷ്ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായും ഇഡി പറയുന്നു.

തിങ്കളാഴ്ച അറസ്റ്റിലായ ഒന്നാം പ്രതി തൃശ്ശൂർ കോലഴി സ്വദേശി പി. സതീഷ് കുമാർ, രണ്ടാംപ്രതി കൊടുങ്ങല്ലൂർ പെരിഞ്ഞനം സ്വദേശി പി.പി. കിരൺ എന്നിവരെ കസ്റ്റഡികാലാവധി കഴിഞ്ഞ് ഹാജരാക്കിയപ്പോഴാണ് ഇ.ഡി. കോടതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതി പ്രതികളെ 19 വരെ റിമാൻഡ്ചെയ്തു. സാമ്പത്തിക ഇടപാടുകളിൽ സതീഷ്‌കുമാറിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ച സി.പി.എം. അംഗം കെ.എ. ജിജോറിന്റെ സാക്ഷിമൊഴികളാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. കരുവന്നൂർ ബാങ്കിൽനിന്ന് ബിനാമി പേരുകളിൽ കോടികൾ വായ്പയെടുത്ത സതീഷ്‌കുമാറുമായി ബന്ധമുള്ള ജനപ്രതിനിധികളുടെയും പോലീസ് ഉദ്യോഗസ്ഥന്റെയും പേരുകൾ ഇ.ഡി. വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ജിജോർ മുഴുവൻ പേരും അന്വേഷണ സംഘത്തിന്‌ തെളിവുസഹിതം കൈമാറിയിട്ടുണ്ട്. മൂന്നുസഞ്ചികളിലായി മൂന്നുകോടിരൂപ കൈമാറിയതിന്‌ സാക്ഷിയാണെന്ന്‌ ജിജോർ മൊഴി നൽകി.


ബിനാമി ലോണിലൂടെ പി പി കിരൺ തട്ടിയെടുത്ത 24 കോടി രൂപയിൽ 14 കോടി രൂപ കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് കൈമാറിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലഴിച്ചു എന്ന അന്വേഷണത്തിലാണ് ഇ ഡി സുപ്രധാന കണ്ടെത്തതുകൾ നടത്തിയത്. സതീഷ് കുമാറിന്‍റെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ മുൻ എംപി പി കെ ബിജുവിന് പണം കൈമാറിയതിന്‍റെ ഫോൺ സംഭാഷണം ലഭിച്ചിരുന്നു. ഈ സംഭാഷണം തന്‍റേതാണെന്ന് സതീഷ് സമ്മതിച്ചിട്ടുണ്ട്.
രണ്ട് പേർക്ക് 5 കോടിരൂപ സതീഷ് കുമാർ പണമായി നൽകുന്നത് കണ്ടെന്നതിന് സാക്ഷിമൊഴിയുണ്ട്.
സതീഷ് കുമാറിന് എ സി മൊയ്തീൻ അടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ട്. തട്ടിപ്പിലെ വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ സാക്ഷികൾക്ക് ഉന്നത രീഷ്ട്രീയ ഭീഷണിയുണ്ടെന്നും ഇക്കാര്യത്തിൽ ചില സാക്ഷികൾ പരാതി നൽകിയതായും ഇഡി പ്രത്യേക കോടതിയെ അറിയിച്ചു.

400 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബിനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങുന്നതെന്നും കേസിൽ വിശദ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കുന്നു.

തട്ടിപ്പ് കേസിൽ സി പി എമ്മിന് റിപ്പോർട്ട് നൽകിയ പികെ ബിജു വേലി തന്നെ വിളവ് തിന്നുവെന്നാണ് അനിൽ അക്കരയുടെ ആരോപണം. കേസിലെ രണ്ടാമൻ പി. കെ ബിജു വെന്ന് അനിൽ അക്കരഫേസ് ബുക്കിൽ കുറിച്ചു.