ഡ​ല്‍​ഹി​യി​ലെ ജി 20 ​ഉ​ച്ച​കോ​ടി​ക്ക് കൊടിയിറങ്ങി; അ​ധ്യ​ക്ഷ​സ്ഥാ​നം ബ്ര​സീ​ലിന് കൈ​മാ​റി ഇ​ന്ത്യ

നിര്‍ണായക ചര്‍ച്ചകള്‍ക്ക് വേദിയായ ഡല്‍ഹിയിലെ ജി 20 ഉച്ചകോടിക്ക് സമാപനം. ജി 20യുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നവര്‍ക്കുള്ള ബാറ്റണ്‍ ബ്രസീല്‍ പ്രസിഡന്റ് ലുയിസ് ഇനാസിയോ ലുല ഡി സില്‍വയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറി. പ്രതീകാത്മകമായി അധ്യക്ഷസ്ഥാനം കൈമാറിയെങ്കിലും നവംബര്‍ 30 വരെ ഇന്ത്യ അധ്യക്ഷസ്ഥാനത്ത് തുടരും.

ജി 20ക്ക് ഉജ്ജ്വല നേതൃത്വം നല്‍കിയതിന് ഇന്ത്യക്ക് നന്ദി രേഖപ്പെടുത്തുന്നതായി ബ്രസീല്‍ പ്രസിഡന്റ് അറിയിച്ചു. സാമ്പത്തിക കാഴ്ചപ്പാടുകളേക്കാള്‍ മാനുഷികമായ നിലപാടുകളുമായി മുന്നോട്ടുപോകാനുള്ള തീരുമാനങ്ങളാണ് ഡല്‍ഹി ഉച്ചകോടിയില്‍ ഉണ്ടായതെന്ന് മോദി പറഞ്ഞു. ആഫ്രിക്കന്‍ യൂണിയനെക്കൂടി ഉള്‍പ്പെടുത്താനായത് വിശാലമായ ആഗോള സംവാദത്തിന് വഴിയൊരുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.

‘ഒരു ഭാവി’ എന്ന വിഷയത്തിലാണ് അവസാന ദിനമായ ഇന്ന് ചര്‍ച്ച നടന്നത്. സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനുമടക്കം സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായി.

മികച്ച ഭാവിയിലേക്ക് ലോകത്തെ നയിക്കുമ്പോള്‍ നിര്‍മിത ബുദ്ധിയുടെ പ്രയോഗം വളരെ കരുതലോടെ വേണമെന്ന് മോദി ചൂണ്ടിക്കാണിച്ചു. സൈബര്‍ മേഖല ഭീകരവാദത്തിനും, ഭീകരവാദ ഫണ്ടിങ്ങിനും ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ കൂട്ടായ നീക്കങ്ങള്‍ ഉണ്ടാകണമെന്നും മോദി പറഞ്ഞു.

യുഎന്‍ രക്ഷാസമിതി അടക്കമുള്ള വേദികളുടെ സംവിധാനങ്ങളില്‍ കാലോചിതമായ മാറ്റം ഉണ്ടാകണം. സ്ഥിര അംഗത്വം അടക്കമുള്ളവ പഴയ രീതിയാണ്. ലോകത്തിന്റെ മികച്ച ഭാവിക്ക് വികസ്വര രാജ്യങ്ങളുടെ ശബ്ദവും പരിഗണിക്കപ്പെടണമെന്നും മോദി വ്യക്തമാക്കി.

സംഘര്‍ഷങ്ങള്‍, സാമ്പത്തിക അസ്ഥിരത, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികള്‍ക്കിടയിലും പ്രശ്ന പരിഹാരത്തിന് ജി 20ക്ക് ശേഷിയുണ്ടെന്ന് ഡല്‍ഹി ഉച്ചകോടി തെളിയിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ചതിന് പിന്നാലെ ബൈഡന്‍ വിയറ്റ്നാമിലേക്ക് പോയി. മറ്റ് രാഷ്ട്രതലവന്മാരും ഉടന്‍ മടങ്ങും.

അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കം ആറോളം രാഷ്ട്രതലവന്മാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തും.