കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുമ്പോള്‍ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി: ചെന്നിത്തല

സംസ്ഥാന ആഭ്യന്തര വകുപ്പിനെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുമ്പോള്‍ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി പോലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആലുവയില്‍ എട്ട് വയസുള്ള കുട്ടി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണ്.

ക്രിമിനല്‍ സ്വഭാവമുള്ളവരെ കണ്ടെത്തണമെന്നും സംസ്ഥാന പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തണം. ഇക്കാര്യം പോലീസ് സൂപ്രണ്ടുമായി സംസാരിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ നമുക്ക് വേണ്ടി ജോലി ചെയ്യാന്‍ വന്നിരിക്കുന്നവരാണ്.

അവരുടെ കുട്ടികളുടെ സുരക്ഷയെ പറ്റി ഡിജിപിയുമായി ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യമില്ലെന്നും അതിനാലാണ് ഡിജിപിയോട് സംസാരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. വളരെ പൈശാചികമായ സംഭവമാണ് കാട്ടാക്കടയില്‍ നടന്നത്.

കേസിലെ പ്രതിയെ ഇനിയും പിടികൂടാന്‍ സാധിക്കാത്തത് പോലീസിന്റെ അനാസ്ഥയാണ്. നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നു. ഇതെല്ലാം ജനങ്ങള്‍ നേരിട്ട് കണ്ടതാണ്. സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.