മേലാറ്റൂര്‍ ചെമ്മാണിയോട് ഐലക്കരയിലാണ് സി.പി.എം ഓഫീസ് കോണ്‍ഗ്രസ് ഓഫീസായി മാറിയത്. സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആണ് ഇന്ദിര പ്രിയദര്‍ശിനി സെന്റര്‍ ആയി മാറിയത്. ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിലെ ഇരുപത്തി മൂന്ന് കുടുംബങ്ങള്‍ കോണ്‍ഗ്രസിലേക്ക് എത്തിയതാണ് ചുവപ്പൻ ഓഫീസ് കെട്ടിടം അടിമുടി മാറി ത്രിവർണ നിറമായി മാറാൻ കാരണമായത്. ഇന്ദിര പ്രിയദര്‍ശിനി സെന്റര്‍ന്റെ ഉദ്ഘാടനം ഡിസിസി പ്രസിഡൻറ് അഡ്വ. വി എസ് ജോയ് നിർവഹിച്ചു.
കഴിഞ്ഞ ഒരു മാസം മുന്‍പ് ചെമ്മാണിയോട് ഐലക്കര പ്രദേശത്ത് ഒമ്പതു കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. ഇതിന് പുറമെ ഇന്നലെ പതിനാല് കുടുംബങ്ങളും കൂടി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഇതോടെ ഈ പ്രദേശത്തെ സി പി എം ബ്രാഞ്ച് ഓഫീസ് ഇനി ഇന്ദിര പ്രിയദര്‍ശിനി സെന്റര്‍ ആയി മാറിയതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഓഫിസ് ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് വിതരണവും ഡി സി സി പ്രസിഡണ്ട് വി എസ് ജോയ് നിര്‍വഹിച്ചു. മലപ്പുറത്ത് കോണ്‍ഗ്രസിലേക്കുള്ള ഒഴുക്കു തുടര്‍ന്നുകൊണ്ടിരിക്കുന്നതായും ഡി.സി.സി നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ 2 വർഷത്തിനിടെ ഏകദേശം രണ്ടായിരത്തിലധികം പേർക്കാണ് വി എസ് ജോയിടെ നേതൃത്വത്തിൽ കോൺഗ്രസ് മെമ്പർഷിപ്പ് നൽകിയത്. സി പി എം, സി പി ഐ, ബി ജെ പി, മുസ്ലീം ലീഗ് തുടങ്ങി വിവിധ പാർട്ടികളിൽ നിന്നായി രണ്ടായിരത്തിലധികം പേർ ഇക്കാലയളവിൽ കോൺഗ്രസിലെത്തി.
രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് ജില്ലാ പ്രസിഡൻറായി അഡ്വ. വി എസ് ജോയ് ചുമതല ഏറ്റെടുത്ത ശേഷമാണ് ഇത്രയധികം പേർ വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് ഒഴുകി എത്തിയതെന്നതും ശ്രദ്ദേയമാണ്. പലഘട്ടങ്ങളിലായി രാഹുൽ ഗാന്ധിയും, എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണു ഗോപാലും, കെപിസിസി അധ്യക്ഷൻ കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളും മലപ്പുറത്തെത്തിയപ്പോൾ ചെറുതും വലുതുമായ പരിപാടികൾക്കിടെ മറ്റു പാർട്ടികളിൽ നിന്നെത്തിയവർക്ക് കോൺഗ്രസ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ചെമ്മാണിയോട് ഐലക്കരയിൽ സി.പി.എം ഓഫീസ് ഉൾപ്പെടെ ഇരുപത്തി മൂന്ന് കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നത് അവസാനത്തെ സംഭവമായിരിക്കില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കൂടുതൽ പേർ കോൺഗ്രസ് അംഗത്വം സ്വീകരിച്ച് പാർട്ടിയിലേക്ക് വരുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതീക്ഷിക്കുന്നുണ്ട്.