പത്താം ക്ലാസുകാരന്റെ മരണത്തിൽ പ്രതി പ്രിയ രഞ്ജനെതിരെ കൊലക്കുറ്റം ചുമത്തി; സിസിടിവി ദൃശ്യങ്ങൾ നിർണായകമായി; പ്രതിക്ക് മുൻവൈരാഗ്യമുണ്ടെന്ന് ആദിശേഖറിന്റെ അച്ഛൻ

കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൂവച്ചല്‍ സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥി ആദി ശേഖറിന്റെ മരണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. മരണത്തില്‍ കൊലപാതക കുറ്റം ചുമത്തി പോലീസ് അകന്ന ബന്ധുവിനെതിരെ കേസെടുത്തു. പൂവ്വച്ചല്‍ സ്വദേശിയായ പ്രിയരഞ്ജനെതിരെയാണ് പോലീസ് കേസെടുത്തത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പത്താം ക്ലാസുകാരന്റെ മരണത്തിലെ ആസ്വാഭാവികത പുറത്തുവന്നത്. കുട്ടിയോട് പ്രിയരഞ്ജന് മുൻ വൈരാഗ്യം ഉണ്ടെന്നും പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും കാട്ടാക്കട ഡിവൈഎസ്പി പറഞ്ഞു.

ഇക്കഴിഞ്ഞ 30 ആയിരുന്നു 15 വയസ്സുകാരൻ ആദി ശേഖർ കാറിടിച്ച് മരിച്ചത്. വാഹനമപകടം എന്നായിരുന്നു ആദ്യം കരുതിയെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകം ആണെന്ന് വ്യക്തമായത്. അതേസമയം, പ്രിയരഞ്ജന് മറ്റു ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്നും പോലീസ് പരിശോധിക്കും. കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും ഡിവൈഎസ്പി പറഞ്ഞു.

പ്രതിക്ക് മുൻവൈരാഗ്യമുണ്ടെന്ന് ആദിശേഖറിന്റെ അച്ഛൻ പറഞ്ഞു. കുട്ടിയെ അപായപ്പെടുത്തുമെന്ന് ബന്ധു ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അച്ഛൻ പറഞ്ഞു. കഴിഞ്ഞ 31നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദി ശേഖര്‍ വാഹനമിടിച്ച് മരിച്ചത്. വാഹനപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നരഹത്യ സംശയം പോലീസിന് ബലപ്പെട്ടത്. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് സംശയം.

അതേസമയം, പ്രിയരഞ്ജനായി അന്വേഷണം തുടരുകയാണ്. കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകന്‍ ആദി ശേഖര്‍ (15) ആണ് മരിച്ചത്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വച്ച് കഴിഞ്ഞ 31ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.

കുട്ടിയുടെ ബന്ധുവിന്റെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു റോഡില്‍ വീണ ആദി ശേഖര്‍ തല്‍ഷണം മരിച്ചെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.