ജി20 ഉച്ചകോടിയിൽ ‘പച്ചവെള്ളം പോലെ’ ഹിന്ദി സംസാരിച്ച് യുഎസിലെ മാർഗരറ്റ്; വിഡിയോ വൈറൽ

ജി20 ഉച്ചകോടിക്കിടെ അനായാസം ഹിന്ദി സംസാരിച്ച് യുഎസിൽ നിന്നുള്ള ഉദ്യോഗസ്ഥ. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹിന്ദുസ്ഥാനി വക്താവ് മാർഗരറ്റ് മക്‌ലിയോ‍ഡാണ് യുഎസ് വിദേശനയങ്ങളെപ്പറ്റി ഹിന്ദിയിൽ സംസാരിച്ചത്. ഹിന്ദിയിൽ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകനോട് ഹിന്ദിയിൽ തന്നെ മാർഗരറ്റ് മറുപടി നൽകി.

ഉച്ചാരണ സ്ഫുടതയോടെ ഹിന്ദി സംസാരിക്കുന്ന മാർഗരറ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആരാണ് ഈ വനിത എന്ന രീതിയിലുള്ള കമന്റുകളും വിഡിയോയ്ക്കു താഴെയുണ്ട്. യുഎസ് ഫോറിൻ സർവീസ് ഓഫിസറായ മാർഗരറ്റ്, വിദേശരാജ്യങ്ങളുടെ നിരവധി ദൗത്യങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.

US diplomat – Margaret MacLeod speaks Hindi better than 99% of Hindi speaking Indians

‘ ഇന്ത്യയും യുഎസും വിവിധ മേഖലകളിൽ വളരെയധികം സഹകരണത്തോടെ പ്രവർത്തിക്കുന്ന രാജ്യങ്ങളാണ്. വിവരസാങ്കേതിക രംഗത്ത് ആശയവിനിമയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നു. ഇലക്ട്രോണിക് ആശയവിനിമയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നു. ഇലക്ട്രോണിക് വാഹന രംഗത്തും വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുന്നു.’’– മാർഗരറ്റ് ഹിന്ദിയിൽ പറഞ്ഞു.

ഇന്ത്യ, പാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ യുഎസിന്റെ വിവിധ പദ്ധതികളുടെ ഭാഗമാണ് മാർഗരറ്റ്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ റോട്ടറി സ്കോളറായ മാർഗരറ്റ് കൊളംബിയ സർവകലാശാലയിൽനിന്ന് സുസ്ഥിര വികസനത്തിൽ ഡോക്ടറേറ്റ് നേടി. ഹിന്ദി, ഉറുദു ഭാഷകൾ മാർഗരറ്റിന് സംസാരിക്കാനും എഴുതാനും വായിക്കാനും അറിയാം.