ഏഷ്യാകപ്പ്‌ ക്രിക്കറ്റ് : ഇന്ത്യ – പാക് മൽസരം ഇന്ന്‌ തുടരും

കൊളംബോയിൽ ഇന്നലെ മഴയിൽ കുതിർന്ന ഇന്ത്യ–-പാകിസ്ഥാൻ മത്സരത്തിന്റെ ബാക്കിഭാഗം ഇന്ന്‌. ഏഷ്യാകപ്പ്‌ ഏകദിന ക്രിക്കറ്റ്‌ സൂപ്പർഫോറിൽ ഇന്ത്യ 24.1 ഓവറിൽ 2–-147 റണ്ണെടുത്തുനിൽക്കെയാണ്‌ മഴയെത്തിയത്‌. തുടർന്ന്‌ കളി പൂർത്തിയാക്കാനായി മണിക്കൂറുകൾ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. കളി പകരംദിനമായ ഇന്നത്തേക്ക്‌ മാറ്റാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു. പകൽ മൂന്നിന്‌ കളി പുനരാരംഭിക്കും. അമ്പതോവർ മത്സരംതന്നെയായിരിക്കും നടക്കുക. ഇന്ത്യ 24.1 ഓവറിൽ കളി വീണ്ടും തുടങ്ങും. മഴഭീഷണിയുള്ള കൊളംബോയിൽ ടോസ്‌ നേടിയ പാക്‌ ക്യാപ്‌റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. ആദ്യമത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്‌ നിരയുടെ നടുവൊടിച്ച പേസർമാരിൽ വിശ്വസിച്ചായിരുന്നു പാക്‌ ക്യാപ്‌റ്റന്റെ നീക്കം. എന്നാൽ, ഇക്കുറി ഓപ്പണർമാർ ഷഹീൻ അഫ്രീദിയെന്ന ഇടംകൈയൻ പേസറെ അതിജീവിച്ചു. ആധിപത്യം കാട്ടുകയും ചെയ്‌തു. ശുഭ്‌മാൻ ഗില്ലായിരുന്നു ആക്രമണകാരി. അഫ്രീദിയെ കടന്നാക്രമിച്ചു ഈ വലംകൈയൻ ബാറ്റർ. അഫ്രീദിക്കുമുന്നിൽതന്നെ മടങ്ങിയെങ്കിലും ഗിൽ 52 പന്തിൽ 58 റൺ അടിച്ചുകൂട്ടിയിരുന്നു. മറുവശത്ത്‌ രോഹിത്‌ നസീം ഷായ്‌ക്കെതിരെ തുടക്കത്തിൽ പതറി. സിക്‌സറും ഫോറും പായിച്ച്‌ തുടങ്ങിയ ക്യാപ്‌റ്റന്‌ പിന്നെ തുടർച്ചയായ പന്തുകളിൽ റണ്ണെടുക്കാനായില്ല. എന്നാൽ, 10–-ാംഓവറിൽ നസീമിനെ രണ്ട്‌ ഫോറുകൾ പായിച്ച്‌ കളി മാറ്റിയ രോഹിത്‌ സ്‌പിന്നർ ഷദാബ്‌ ഖാനെ ഒരോവറിൽ 19 റണ്ണിനാണ്‌ ശിക്ഷിച്ചത്‌. ഏകദിനത്തിൽ 50–-ാംഅരസെഞ്ചുറിയും (49 പന്തിൽ 56) മുപ്പത്താറുകാരൻ പൂർത്തിയാക്കി. ഒന്നാംവിക്കറ്റിൽ ഗില്ലും രോഹിതും 121 റണ്ണാണ്‌ കൂട്ടിച്ചേർത്തത്‌. രോഹിതിനെ ഷദാബ്‌ മടക്കി.ഏറെക്കാലത്തിനുശേഷം ഇന്ത്യൻ ടീമിലേക്ക്‌ തിരിച്ചെത്തിയ ലോകേഷ്‌ രാഹുൽ 17 റണ്ണുമായി ക്രീസിലുണ്ട്‌. ശ്രേയസ്‌ അയ്യർക്കുപകരമാണ്‌ കളിച്ചത്‌. എട്ട്‌ റണ്ണുമായി വിരാട്‌ കോഹ്‌ലിയാണ്‌ കൂട്ട്‌.