ഉച്ചഭക്ഷണ പദ്ധതി നടത്താൻ കഴിയില്ലെങ്കിൽ നിർത്തിവെയ്ക്കണം: ഹൈക്കോടതി

ഉച്ചഭക്ഷണ പദ്ധതിക്ക് സർക്കാർ ഫണ്ട് കൃത്യമായി നൽകിയില്ലെങ്കിൽ പദ്ധതി നിർത്തിവെയ്ക്കാൻ ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി സർക്കാരിന് താക്കീത് നൽകി. ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ടിന്റെ ലഭ്യതയില്ലായ്മയാണ് വിദ്യാലയങ്ങൾക്ക് ഫണ്ട് അനുവദിക്കാൻ വൈകുന്നതെന്ന സർക്കാർ വാദം തള്ളിയ ഹൈക്കോടതി വിദ്യാലയങ്ങൾക്ക് ഫണ്ട് നൽകാൻ കഴിയില്ലെങ്കിൽ പദ്ധതി നിർത്തിവെയ്ക്കണമെന്നും പ്രധാനാധ്യാപകർ ഇതിനകം ചിലവഴിച്ച പണം എപ്പോൾ കൊടുക്കുമെന്ന കാര്യത്തിൽ ഉടൻ മറുപടി വേണമെന്നും ജസ്റ്റിസ് ടി ആർ രവി സർക്കാർ പ്ലീഡറോട് ആവശ്യപ്പെട്ടു. ഫണ്ട് കൃത്യമായി നൽകിയില്ലെങ്കിൽ പദ്ധതി നിർത്തിവെയ്ക്കാൻ ഉത്തരവിടേണ്ടി വരുമെന്നും കുടിശിഖ പലിശ സഹിതം നൽകേണ്ടിവരുമെന്നും കോടതി വാക്കാൽ പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ പി എസ് ടി എ ) സംസ്ഥാന കമ്മറ്റി ഉച്ചഭക്ഷണ പദ്ധതിയുടെ പേരിൽ അധ്യാപകരെ കടക്കെണിയിലാക്കുന്ന സർക്കാർ നടപടിക്കെതിരിൽ ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റിഷനിൽ ഇന്ന് നടന്ന ഹിയറിംഗിലാണ് ഹൈക്കോടതിയുടെ നിരീക്ഷണമുണ്ടായത്. കെ പി എസ് ടി എക്ക് വേണ്ടി കുര്യൻ ജോർജ് കണ്ണന്താനം ഹാജരായി. വിശദ വാദത്തിനായി കേസ് ബുധനാഴ്ച (13/9/23 )ത്തേക്ക് മാറ്റി.
4 മാസം കഴിഞ്ഞിട്ടും ഉച്ചഭക്ഷണ പദ്ധതിക്ക് ഒരു രൂപ പോലും വിദ്യാലയങ്ങൾക്ക് സർക്കാർ നൽകാതെ ലക്ഷങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് അധ്യാപകരെ തള്ളിവിടുന്ന നയത്തിനെതിരിലാണ് കെ പി എസ് ടി എ- ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ രണ്ട് വർഷമായി ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ തികഞ്ഞ അനാസ്ഥയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് , ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. എ ഇ ഒ ഓഫീസ് മുതൽ മന്ത്രിയുടെ വസതി വരെ നിരന്തര സമര പരമ്പയാണ് സംഘടന ഈ വിഷയത്തിൽ നടത്തിവരുന്നത്. കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണങ്ങൾ ഉയർത്തി വർഷങ്ങളായി വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന വലിയ ആശ്വാസ പദ്ധതിയാണ് ഇല്ലാതാക്കുന്നത്. സ്കൂളുകൾ ഫണ്ട് ഇല്ലെങ്കിലും പദ്ധതി നടപ്പാക്കുമെന്ന മൗഢ്യ ധാരണയാണ് സർക്കാരിനെ നയിക്കുന്നതെന്നും ശക്തമായ സമരങ്ങളും നിയമ നടപടികളും സർക്കാർ കണ്ണുതുറക്കും വരെ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.

‘ ഉച്ചക്കഞ്ഞി ‘യിൽ നിന്നും കൈയ്യിട്ട് വാരല്ലെ സർക്കാരെ

സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ പ്രഥമാധ്യാപകർ അനുഭവിക്കുന്ന പ്രയാസങ്ങൾ നിരവധിയാണ്. സ്വന്തം കീശയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം പണമടക്കം സമാഹരിച്ച് കാര്യക്ഷമമായി പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്.

1986ൽ തുടങ്ങിയ സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം 2012 മുതലാണ് വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാക്കി മാറ്റിയത്. 2012 മാർച്ച് വരെ സ്കൂളുകൾക്കാവശ്യമായ അരിയും പയറും സിവിൽ സപ്ലൈസ് മുഖേന നേരിട്ട് സ്കൂളുകൾക്ക് നല്കിയിരുന്നു. പാചകക്കൂലിയും ആവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളും മാത്രമായിരുന്നു സ്കൂൾ അധികൃതർക്ക് കണ്ടെത്തേണ്ടിയിരുന്നത്. എന്നാൽ, 2012- ’13 മുതൽ സ്കൂളുകൾക്ക് അരി മാത്രമാക്കി. ഉച്ചഭക്ഷണ വിഭാഗത്തിനാവശ്യമായ മറ്റു സാമഗ്രികളെല്ലാം സ്കൂൾ അധികൃതർ കണ്ടെത്തണമെന്നതായിരുന്നു നിഷ്കർഷ.

കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരുദിവസം മുട്ട/ പഴം എന്നിവ നല്കണമെന്നും നിർദേശം നല്കി. ഇതിനാവശ്യമായി പരിമിതമായ കണ്ടിൻജൻസി തുകയാണ് വിദ്യാഭ്യാസവകുപ്പ് അനുവദിച്ചത്. നാലു വർഷം മുമ്പ് അനുവദിച്ച അതേ നിരക്കിലുള്ള തുകയാണ് ഇന്നും സ്കൂൾ അധികൃതർക്ക് നല്കുന്നത്.

പച്ചക്കറികൾ, പലവ്യഞ്ജനം, പയർവർഗങ്ങൾ, പാൽ, മുട്ട എന്നിവയ്ക്ക് നാലുവർഷം മുമ്പുള്ളതിനേക്കാൾ വില വർധിച്ചിട്ടും വിദ്യാഭ്യാസവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ തുറകളിലുംപെട്ട സാധാരണക്കാരുടെ മക്കളാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും. അവർക്ക് കൃത്യമായി നല്ല രീതിയിൽ ഉച്ചഭക്ഷണം നല്കണമെന്നുള്ളത് സംസ്ഥാനത്തെ പൊതുവിദ്യാലയാധികൃതരുടെ ഏറ്റവും വലിയ ആഗ്രഹം കൂടിയാണ്. അതുമാത്രമാണ് എല്ലാം സഹിച്ച് ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്ന പ്രധാന കാരണവും. സ്കൂളുകളിലെ ഉച്ചഭക്ഷണ നടത്തിപ്പിന്റെ ചുമതല ഉച്ചഭക്ഷണക്കമ്മിറ്റിക്കാണ്. എന്നാൽ, മഹാഭൂരിഭാഗം വിദ്യാലയങ്ങളിലും ഇത് പേരിനു മാത്രമായി പ്രവർത്തിക്കുന്ന കമ്മിറ്റികളാണ്. മിക്ക വിദ്യാലയങ്ങളിലും എല്ലാ ചുമതലകളും ബാധ്യതകളും ഏകാംഗക്കമ്മിറ്റി തലവനായ പ്രഥമാധ്യാപകനു തന്നെ.

150 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഒരു കുട്ടിക്ക് അഞ്ചുരൂപയും അതിനുമുകളിൽ കുട്ടികളുള്ള വിദ്യാലയങ്ങളിൽ ആറുരൂപയുമാണ് സർക്കാർ നല്കുന്ന ഫണ്ട്. എന്നാൽ, ഇത് ഓരോമാസവും ചെലവഴിക്കുന്ന സംഖ്യയുടെ പകുതിയോളം പോലും ആകില്ലെന്നാണ് പ്രഥമാധ്യാപകർ പറയുന്നത്.

പ്രൈമറി സ്കൂളുകളിലെ പ്രഥമാധ്യാപകർ ക്ലാസ് ചുമതല കൂടി വഹിച്ച് ഔദ്യോഗിക ഓഫീസ് പ്രവർത്തനവും നടത്തി ജോലിഭാരത്താൽ വീർപ്പുമുട്ടുകയാണ്. അതിനിടയിലാണ് ഉച്ചഭക്ഷണത്തിന്റെ നടത്തിപ്പുചുമതലയും. 

ഉച്ചഭക്ഷണനിരക്ക് വർധിപ്പിച്ച ഉത്തരവ് വിഴുങ്ങി
ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ് ഭാരിച്ചതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടിൻജന്റ് നിരക്ക് ഒരു കുട്ടിക്ക് എട്ടു രൂപയാക്കി വർധിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. 2016 മാർച്ച് മൂന്നിന് ഇറക്കിയ ഉത്തരവിന്മേൽ ഇനിയും ഒരു നടപടിയും വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിട്ടില്ല. 150ൽ കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങൾക്കാണ് വർധന ബാധകമാക്കിയിരുന്നത്.

ഉച്ചഭക്ഷണത്തിനായി സർക്കാർ അരിയും പരിമിതമായ ഫണ്ടും നല്കി മാറിനില്ക്കരുത്. പോഷകസമൃദ്ധമായ നല്ല ഭക്ഷണം കുട്ടികൾക്ക് ലഭ്യമാക്കണം. അവർ ഉച്ചയ്ക്ക് പട്ടിണി കിടക്കരുത്. നല്ല ആഹാരശീലങ്ങൾ പാലിച്ച് ഭക്ഷണം കഴിക്കുന്നതിനുള്ള സാഹചര്യമൊരുക്കണം.

ഇതിനായി സ്കൂളുകളിൽ പ്രത്യേക സംവിധാനമൊരുക്കണം, പഠിപ്പിക്കണം, പഠിപ്പിക്കുന്ന അധ്യാപകരെ മോണിറ്റർ ചെയ്യണം. അതിനിടയിൽ ഇന്റർനെറ്റിന്റെ മുന്നിലിരുന്ന് നിരവധി രേഖകൾ തയ്യാറാക്കണം. അവ മേൽ ഓഫീസുകളിൽ കൃത്യമായി എത്തിക്കണം. ഇതെല്ലാം ഇന്ന് കേരളത്തിലെ ഓരോ പ്രഥമാധ്യാപകന്റെയും ദൈനംദിന പ്രവർത്തനങ്ങളാണ്. അതിനിടയിൽ ഉച്ചഭക്ഷണത്തിന്റെ നടത്തിപ്പെങ്കിലും പ്രത്യേക സംവിധാനത്തിന്റെ കീഴിലാക്കിയാൽ പൊതുവിദ്യാഭ്യാസത്തിന് കരുത്തേറുമെന്നാണ് പ്രഥമാധ്യാപകരുടെ അഭിപ്രായം.

ഉച്ചഭക്ഷണപദ്ധതിയുമായി മുന്നോട്ടു പോകുന്ന ചില സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി പദ്ധതി നടപ്പാക്കുന്നുണ്ട്. തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ പുറത്തുള്ള ഏജൻസികൾക്കാണ് ഉച്ചഭക്ഷണ വിതരണച്ചുമതല നല്കിയിട്ടുള്ളത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഉച്ചഭക്ഷണ പദ്ധതി ഭംഗിയായി നടത്താനുള്ള സാഹചര്യമൊരുക്കാൻ കേരളം പോലുള്ള സംസ്ഥാനത്തിന് പ്രയാസമില്ല. നിലവിൽ സ്കൂളുകളിലുള്ള പാചകത്തൊഴിലാളികളെ തന്നെ പദ്ധതിക്കായി ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കും.

500 കുട്ടികൾവരെ പഠിക്കുന്ന സ്കൂളുകളിൽ ഒരു പാചകക്കാരിയെ മാത്രമാണ് വിദ്യാഭ്യാസവകുപ്പ് നിയമിച്ചിട്ടുള്ളത്. 200 കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് ഒരാൾക്ക് ഞെരുങ്ങിയാണെങ്കിലും ഉച്ചഭക്ഷണം പാചകം ചെയ്യാമെന്നാണ് ദീർഘകാലമായി ഉച്ചഭക്ഷണം പാചകം ചെയ്യുന്നവർ തന്നെ പറയുന്നത്.

കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഗുണമേന്മയേറിയതും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം ഒരാൾക്ക് എങ്ങനെ തയ്യാറാക്കാനാകുമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് മിണ്ടാട്ടമില്ലെന്നാണ് പാചകക്കാരുടെ സംഘടനകളും പറയുന്നത്. നിലവിൽ 501 കുട്ടിൾക്ക് മുകളിലുള്ള വിദ്യാലയങ്ങളിൽ മാത്രമാണ് രണ്ട് പാചകക്കാരെ നിയമിക്കാൻ അനുവാദമുള്ളത്. 

500 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് രാവിലെ ഏഴു മുതൽ തുടങ്ങുന്ന പ്രവൃത്തി അവസാനിക്കുന്നത് വൈകുന്നേരം മൂന്നു മണിയോടെ മാത്രമാണ്. എന്നാൽ, ലഭിക്കുന്ന വേതനമാവട്ടെ പരമാവധി 400 രൂപയും. രുചി രജിസ്റ്റർ മുതൽ കാലിച്ചാക്ക് രജിസ്റ്റർ വരെ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ബാധ്യത സഹിച്ച് മുന്നോട്ടു കൊണ്ടു പോകുമ്പോൾ തന്നെ പതിനെട്ടോളം രേഖകളും പ്രഥമാധ്യാപകൻ കൃത്യമായി സൂക്ഷിക്കണം. ഇതിൽ അവസാനം രംഗപ്രവേശം ചെയ്ത രേഖയാണ് ‘രുചിരജിസ്റ്റർ’.

ഭക്ഷണം പാചകം ചെയ്തു കഴിഞ്ഞാൽ ഭക്ഷണ വിതരണത്തിനു മുമ്പ് അധ്യാപകരും ഒന്നിലധികം രക്ഷിതാക്കളോ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളോ വിഭവങ്ങൾ രുചിച്ചു നോക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ അവരുടെ അഭിപ്രായങ്ങൾകൂടി ‘രുചിരജിസ്റ്ററിൽ’ രേഖപ്പെടുത്തിവെക്കണം. ഓരോ ദിവസവും മാറി മാറി അംഗങ്ങളെത്തി രുചിച്ച് നോക്കിമാത്രമേ ഉച്ചഭക്ഷണ വിതരണം നടത്താവൂവെന്നാണ് നിർദേശം.

ഇവ കൂടാതെ എല്ലാ ദിവസവും എഴുതി സൂക്ഷിക്കേണ്ട അഞ്ച് രജിസ്റ്ററുകളും മാസത്തിൽ സൂക്ഷിക്കേണ്ട 11 രജിസ്റ്ററുകളുമടക്കം 17 രേഖകൾ വേറെയുമുണ്ട്. ഉച്ചഭക്ഷണ മേൽനോട്ടത്തിനായി ഓരോ ഉപജില്ലയിലും പ്രത്യേകം ചുമതലപ്പെട്ട ഉദ്യോഗസ്ഥരുമുണ്ട്. സ്കൂളുകളിൽ ഇത്തരം ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ രേഖകൾ കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ അതിന്റെ പഴിയും പിഴയും പ്രഥമാധ്യാപകനുതന്നെയാണ്.