മുഖ്യമന്ത്രിയുടെ മകളുടെ തീവെട്ടി കൊള്ളയ്ക്ക് സിപിഎം കാവല്‍ നില്‍ക്കുന്നു; നിയമസഭയില്‍ രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ അവതരിപ്പിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കുഴല്‍നാടന്‍ ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കൂട്ട് നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് ആരോപിച്ചു. താന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു

എക്സ്സാലോജിക്കിന് യാതൊരു ഉത്തരവാദിത്തവും കരാറില്‍ നല്‍കിയിട്ടില്ല. ഒരു കോടി 75 ലക്ഷം രൂപ നിയമവിരുദ്ധമായി എക്‌സാലോജിക്കിന് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. സിപിഎം പാര്‍ട്ടിക്കകത്ത് ഇതു ചര്‍ച്ച ചെയ്യാന്‍ ആരുമില്ലലോ എന്ന് കരുതി വിഷമിക്കുന്ന സാധാരണ കമ്മ്യൂണിസ്റ്റുകാര്‍ നിരവധി പേരുണ്ട്. അവര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

‘മാസപ്പടി മുഖ്യമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെയോ മടിയിലാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ അഴിമതിക്ക് സിപിഎം കാവല്‍ നില്‍ക്കുന്നു, മുഖ്യമന്ത്രിയുടെ മകളുടെ തീവെട്ടി കൊള്ളയ്ക്ക് സിപിഎം കാവല്‍ നില്‍ക്കുന്നു. മാസപ്പടിയില്‍ ആര്‍ക്കും മറുപടിയില്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. 1.72 കോടി രൂപയാണ് വാങ്ങിയത്. പാര്‍ട്ടിക്ക് ചരിത്രവും പാരമ്പര്യവും ഇല്ലേ? എന്തിനാണ് പാര്‍ട്ടി കാവല്‍ നില്‍ക്കുന്നത്. ഒരു സേവനവും നല്‍കാതെയാണ് പണം വാങ്ങിയത്. പണം മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ്. അഴിമതി പണമാണ് ഇത്’- മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

അതേസമയം സഭയില്‍ അംഗമല്ലാത്ത ഒരാളെ മാത്യു കുഴല്‍നാടന്‍ അധിക്ഷേപിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. കുഴല്‍നാടന്റെ പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്ന് നീക്കണം. സഭയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുത്. രാവിലെ മുതല്‍ സഭയെ വഴി തെറ്റിക്കുന്ന ചര്‍ച്ചകളാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മാത്യു കുഴല്‍നാടന്റെ വിമര്‍ശനത്തില്‍ ചട്ട പ്രകാരം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

പിന്നീട് കുഴല്‍നാടനെതിരെ ആരോപണവുമായി ഇടത് എംഎല്‍എ ശാന്തകുമാരി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ നേര്‍ച്ച കാളയാണ് മാത്യു കുഴല്‍നാടനെന്നും ഇടുക്കി ജില്ലയില്‍ വീട് വാങ്ങാന്‍ എന്ന വ്യാജേന കുഴല്‍നാടന്‍ നടത്തിയ അഴിമതികള്‍ പുറത്ത് വന്നിട്ടുണ്ടെന്നും ശാന്തകുമാരി പറഞ്ഞു. എന്നാല്‍ റൂള്‍ 235 പ്രകാരം എഴുതി കൊടുക്കാതെ ശാന്തകുമാരി ഉന്നയിച്ച ആരോപണങ്ങള്‍ സഭാ രേഖയില്‍നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. എല്ലാ അംഗങ്ങള്‍ക്കും ഇക്കാര്യത്തില്‍ തുല്യ പരിഗണന നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.