‘നട്ടാല്‍ കുരുക്കാത്ത പച്ചക്കളളം കൊണ്ട് ഉമ്മന്‍ചാണ്ടിയെ വേട്ടയാടി; മുഖ്യമന്ത്രി മാപ്പുപറയണം’ – ഷാഫി പറമ്പില്‍ എംഎല്‍എ

വ്യാജ ആരോപണങ്ങളുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവര്‍ മാപ്പുപറയണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടിന്‍മേല്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച അവതരിപ്പിക്കുകയായിരുന്നു ഷാഫി പറമ്പില്‍. ഉമ്മന്‍ചാണ്ടിയോട് മാപ്പുപറഞ്ഞായിരിക്കണം മുഖ്യമന്ത്രി മറുപടി പറയേണ്ടത്. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടി. നിയമസഭക്ക് അകത്ത് പോലും സിപിഎം വേട്ടയാടി. വിഎസ് അച്ചുതാനന്ദനെ പോലുള്ളവര്‍ ഹീനമായ ഭാഷയില്‍ വ്യക്തിഹത്യ നടത്തിയെന്നും ഷാഫി പറഞ്ഞു.

ഒരു ജനപ്രതിനിധിയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തരീതിയില്‍ അത്രയും ഹീനമായിട്ടാണ് അദ്ദേഹത്തിനെതിരെ വ്യക്തിഹത്യനടത്തിയത്. ജീവിതാവസാനത്തില്‍ എഴുപത് വയസ് കഴിഞ്ഞിട്ട് ലൈംഗികാരോപണം ഉന്നയിച്ച് അദ്ദേഹത്തെ ആക്ഷേപവര്‍ഷങ്ങള്‍ ചൊരിയാന്‍ ഈ തട്ടിപ്പുകാരിയുടെ കത്തുകള്‍ ഉപയോഗിച്ചവര്‍ മാപ്പുപറയാതെ കേരളത്തിന്റെ പൊതു സമൂഹം ഈ ആക്ഷേപവര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരോട് പൊറുക്കില്ല. നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞതിന്റെ പേരില്‍ ഹര്‍ത്താല്‍ വേണ്ടെന്ന് പറഞ്ഞ ഭരണാധികാരിയെ എത്രമാത്രം ക്രൂരമായാണ് കള്ളക്കഥയുടെ പേരില്‍ വേട്ടയാടിയത്. രാഷ്ട്രീയ ദുരന്തമാണ് ഈ കേസ്. ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രദീപ് കുമാര്‍ എന്നയാള്‍ പത്തനംതിട്ടയില്‍ ചെന്ന് കത്തുകൈപ്പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

അന്ന് പുറത്ത് വന്നുവെന്ന് പറയപ്പെട്ട കത്തിന്റെ പുറത്തായിരുന്നു അരോപണങ്ങളത്രയും ഉയര്‍ത്തിയത്. ജയിലില്‍ വച്ച് പരാതിക്കാരി എഴുതിയ കത്തില്‍ പിന്നീട് പേജുകളുടെ എണ്ണം കൂടി. 5 വ്യാജ കത്തുകള്‍ ഉണ്ടാക്കി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. ലൈംഗിക ആരോപണം വരെ ഉന്നയിച്ചു. പരാതിക്കാരിയുടെ അന്നത്തെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ ചെന്ന് കണ്ടത് എന്തിനെന്ന് മരിക്കും വരെ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടില്ല. കത്തില്‍ അദ്ദേഹത്തിന്റെ പേരില്ലെന്ന് അറിഞ്ഞിട്ടും കത്തില്‍ ആ പേര്‍ എഴുതിചേര്‍ത്തതാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ പേരില്‍ ആവേട്ടയാടല്‍ നടന്നപ്പോഴെക്കെയും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.

ആ കത്തിന്റെ കോപ്പി ആദ്യം ഏറ്റുവാങ്ങിയതെന്ന് ആരാണെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎ പ്രദീപാണ് പത്തനംതിട്ടയില്‍ പോയി കത്ത് വാങ്ങിയത്. ആ കത്ത് പിന്നീട് വാങ്ങുന്നത് ദല്ലാള്‍ നന്ദകുമാറാണ്. ഇയാള്‍ക്ക് ആ പേര് വന്നത് ഏത് കാലത്താണെന്ന് എല്ലാവര്‍ക്കും അറിയാം. ലാവ്‌ലിന്‍ കേസ് ഉള്‍പ്പടെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന കാലത്ത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിക്കെതിരായ ആരോപണങ്ങളുടെ കുന്തമുനയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കോര്‍പ്പറേറ്റ് പവര്‍ ബ്രോക്കറായിരുന്നു നന്ദകുമാര്‍. 50 ലക്ഷം കൈക്കൂലിയായി നല്‍കിയാണ് നന്ദകുമാര്‍ കത്ത് കൈപ്പറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആ നന്ദകുമാറിന് എങ്ങനെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി അധികാരമേറ്റ് മൂന്നാംദിവസം പരാതിക്കാരിക്ക് അപ്പോയിന്‍മെന്റ് എടുത്തുകൊടുത്ത് ഓഫീസില്‍ വന്ന് കാണാന്‍ അവസരം ഉണ്ടയാത്?. തന്റെ ഭരണത്തില്‍ അവതാരങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞിട്ട് ഒന്നാം നമ്പര്‍ അവതാരത്തെ അധികാരംമേറ്റ് മുന്ന് ദിവസത്തിനുള്ളില്‍ വിളിച്ചുവരുത്തി തട്ടിപ്പുകാരിയുടെ പരാതി എഴുതി വാങ്ങി ആ കേസ് എടുക്കാന്‍ കാണിച്ച വ്യഗ്രത ഈ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുള്ള പങ്ക് ആരെങ്കിലും സംശയിച്ചാല്‍ ആരെയും കുറ്റം പറയാനാവില്ല. സ്ത്രീയാണെന്ന പേരിലാണ് പരാതി എഴുതിവാങ്ങിയെന്നും സിബിഐ അന്വേഷണത്തിന് വിട്ടതെന്നുമാണ് പറഞ്ഞത്. അങ്ങനെ മുഖ്യമന്ത്രിയെ കാണാന്‍ വന്ന സ്ത്രീകളില്‍ വേറെയൊരു സ്ത്രീയെ പൊലീസ് എങ്ങനെ ട്രീറ്റ് ചെയ്തു എന്നത് എല്ലാവര്‍ക്കും അറിയാം. ജിഷ്ണുപ്രണോയിയുടെ അമ്മ ഈ മുഖ്യമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ പൊലീസില്‍ തെരുവില്‍ വലിച്ചിഴയ്ക്കുകയാണ് ചെയ്തത്. ഇത് രണ്ടും താരതമ്യം ചെയ്യുമ്പോള്‍ ഈ മുഖ്യന്ത്രിക്ക് ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണ് ഉള്ളതെന്ന് പറയേണ്ടി വരും. ഉമ്മന്‍ചാണ്ടിയെ ആക്ഷേപിക്കുക എന്നത് മാത്രമായിരുന്നു ഈ പരാതി മുന്നോട്ടുകൊണ്ടുപോകാനുള്ള സര്‍ക്കാരിന്റെ തീരുമാനം്. ഇങ്ങെ ആക്ഷേപിക്കേണ്ട ഒരാളായിരുന്നോ ഉമ്മന്‍ചാണ്ടി. നാളെ ഉമ്മന്‍ചാണ്ടി നിങ്ങളോട് ക്ഷമിച്ചാലും കേരളീയ പൊതുസമൂഹം നിങ്ങളോട് പൊറുക്കില്ല. പച്ചക്കളളമാണ് എന്നറിഞ്ഞിട്ടും അന്നത്തെ വൈരാഗ്യത്തിന്റെ പേരില്‍ താനും തന്നെക്കൊണ്ടാകുന്നത് പറഞ്ഞുവെന്നാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടതെന്നും ഷാഫി അടിയന്തരപ്രമേയത്തില്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ സൈബര്‍ ലിഞ്ചിങ്ങിന്റെ തുടക്കം സോളാര്‍ കേസില്‍നിന്നാണ്. നന്ദകുമാര്‍ കേസില്‍ ഇടപെട്ടത് സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ പേരിലാണെന്നും അത്തൊരുമൊരു കത്ത് പുറത്തുവന്നാല്‍ അതിന്റെ ഗുണം എല്‍ഡിഎഫിന് കിട്ടുമെന്നും ഉറപ്പുള്ളതുകൊണ്ടാണെന്ന് സിബിഐയോട് പറഞ്ഞു. 2016-ല്‍ ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ ഇരുന്നത് തട്ടിപ്പുകാരിയായ പരാതിക്കാരിയുടെ സ്പോണ്‍സര്‍ഷിപ്പിലാണോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

സര്‍ക്കാരിനെ താഴെയിറക്കാനും ജനപ്രതിനിധിയെ അപമാനിക്കാനും നേതാവിനെ ഇല്ലായ്മചെയ്യാനും നടന്ന ക്രിമിനല്‍ ഗൂഢാലോചനായാണ്. രാഷ്ട്രീയമായി സിപിഎം കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണം. നിലനില്‍ക്കാത്ത അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിച്ചത്. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണം. 32 തവണ ഒരു കേസ് മാറ്റിവെക്കാനുള്ള തന്ത്രവും ബന്ധവും ഞങ്ങള്‍ക്കില്ല, അതുകൊണ്ട് സിബിഐ റിപ്പോര്‍ട്ട് ഞങ്ങള്‍ മാനിപ്പുലേറ്റ് ചെയ്തതല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല, ഇരട്ട മുഖമാണുള്ളതെന്ന് കുറ്റപ്പെടുത്തിയ ഷാഫി, പിസി ജോര്‍ജിനെ രാഷ്ട്രീയ മാലിന്യമെന്നും വിശേഷിപ്പിച്ചു.